ടെക്സസ്: കേരളത്തില്‍ നിന്നും ദത്തെടുത്ത അമേരിക്കന്‍ ദമ്പതികളുടെ മൂന്ന് വയസ്സുകാരി മകളെ ശനിയാഴ്ച്ച മുതല്‍ കാണാതായി. ശകാരത്തിന്റെ ഭാഗമായി വീടിന് പുറത്തു നിര്‍ത്തിയ ശേഷമാണ് കാണാതായതെന്ന് പരാതിയുമായി ചെന്ന പിതാവിനെ പോലീസ് പിടിച്ച് അകത്തിട്ടു. കുട്ടിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
അമേരിക്കന്‍ സമയം ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നിനാണ് പാല് മുഴുവന്‍ കുടിച്ചില്ലെന്ന കാരണത്താല്‍ മകള്‍ ഷെറിനെ വീടിന് പുറത്തിറക്കി വാതിലടച്ചത്. ശിക്ഷയായി അടുത്ത ദിവസം വരെ തനിച്ച് നല്ക്കാന് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ 15 മിനിറ്റ് ശേഷം പുറത്തുവന്നു നോക്കിയപ്പോള്‍ വീട്ടുവളപ്പിലെ മരച്ചുവട്ടില്‍ നിര്‍ത്തിയ മകളെ കാണ്ടില്ലെന്നാണ് മാത്യൂസ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കാണാതായതിനെ തുടര്‍ന്ന് സമീപത്തും അയല്‍ വീടുകളിലുമെല്ലാം തിരച്ചില്‍ നടത്തി അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
കുട്ടിയെ ബോധപൂര്‍വ്വം ഉപേക്ഷിച്ചെന്ന കുറ്റും ചുമത്തി പോലീസ് 37കാരനായ മാത്യൂസിനെ അറസ്റ്റ് ചെയ്തു. ഒരു ദിവസത്തിന് ശേഷം രണ്ടര ലക്ഷം ഡോളര്‍ കെട്ടിവച്ച് പുറത്തുവിടുകയായിരുന്നു. കൂടാതെ ഇയാളുടെ നാല് വസസ്സുള്ള മറ്റൊരു കുട്ടിയെ ടെക്സസിലെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സെര്‍വീസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളുടെ മുമ്പുള്ള ഇത്തരം ശിക്ഷാ നടപടികളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇതിനു ശേഷം വിട്ടയക്കാന്‍ തീരുമാനിച്ചതായാണ് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസ് അറിയിച്ചത്.
കുട്ടിയെ ഉപേക്ഷിച്ച പ്രദേശം വേട്ടനായ്ക്കളുടെ ശല്യമുള്ളതാണെന്ന് മാത്യൂസ് നല്കിയ പരാതിയില്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കാണാതായവര്‍ക്കായി പ്രത്യേക മേഖലയിലെ വീടുകളില്‍ തിരച്ചില്‍ നടത്തുന്ന സംവിധാനമായ ഇവിടത്തെ ‘റിവേഴ്സ് 911′ സംവിധാനം ഉപയോഗിച്ചും പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ഷെറിനു വേണ്ടി ഹെലികോപ്റ്റര്‍ സംവിധാനം വരെ പ്രയോജനപ്പെടുത്തുന്നുണ്ട്.
സംസാരത്തിന് അല്‍പ്പം വൈകല്യമുള്ള കുട്ടിയാണ് കാണാതായ ഷെറിന് എന്ന് അന്വേഷണത്തിന് നേതൃത്ത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥന് കെവിന് പേളിച്ച് പറഞ്ഞു. കേരളത്തിലെ ഒരു അനാഥാലായത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് മാത്യൂസും കുടുംബവും കുട്ടിയെ ദത്തെടുത്തത്.
INDIANEWS24.COM Texas