ന്യൂഡല്‍ഹി:സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം യുക്തിയില്ലാത്തതാണെന്ന് സുപ്രീം കോടതി.പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന് ഉത്തരവിട്ട ഹൈക്കോടതി നടപടി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വ്യാഴാഴ്ച്ച സര്‍ക്കാരിനെ വിമര്‍ശിച്ചത്.
പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്കാമെങ്കില് ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെ ഒഴിവാക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ മദ്യനയം അദ്ഭുതകരമാണ്, ഇതു സംബന്ധിച്ച് ഓരോ ദിവസവും പുതിയ വര്‍ത്തകളാണ് കേള്‍ക്കുന്നത്. മദ്യനയത്തെക്കുറിച്ച് കൂടുതല്‍ പറയാനുണ്ടെങ്കിലും മനഃപൂര്‍വം മൗനം പാലിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി അനുവദിച്ച പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്കാതിരുന്നതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടി എടുക്കുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.ലൈസന്‍സ് നല്‍കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ലൈസന്‍സ് നല്കിയ ശേഷം വീണ്ടും കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.ഒമ്പത് ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും ലൈസന്‍സ് നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.നിലവാരമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ഏപ്രിലില്‍ പൂട്ടിയ 418 ബാറുകളില്‍ പെടുന്നതാണ് ഇതില്‍ നാലെണ്ണം.
INDIANEWS24 NEWDELHI