728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തിലെ ദേശീയപാതകളില്‍ മാത്രം 219 അപകടമേഖലകള്‍

തിരുവനന്തപുരം:സംസ്ഥാനത്തെ ദേശീയ പാതകളില്‍ മാത്രം 219 അപകട സാധ്യതാ മേഖലകളുണ്ടെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കേരളത്തിലെ വാഹനാപകടങ്ങളെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് മന്ത്രി നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി.

ദേശീയപാത 17ലെയും 47ലെയും മാത്രം കണക്കുകളെടുത്തതില്‍ നിന്നാണ് ഇത്രയും അപകടസാധ്യതാ മേഖലകള്‍ കണ്ടെത്തിയത്.സംസ്ഥാന പാതകള്‍ ഉള്‍പ്പെടെ മറ്റ് പ്രധാന റോഡുകളില്‍ ഇനിയും പരിശോധന നടത്താനുണ്ട്.ഈ വര്‍ഷം നവംബര്‍ വരെ സംസ്ഥാനത്തു 32,230 വാഹനാപകടങ്ങളിലായി 3,517 പേര്‍ മരിക്കുകയും 36,398 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ദേശീയ പാത 17ലും 47ലും തിരക്ക് ഒഴിവാക്കുന്നതിന് ‘റോള്‍ ഓണ്‍ – റോള്‍ ഓഫ്’ പദ്ധതിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളതായി തിരുവഞ്ചൂര്‍ പറഞ്ഞു.പ്രധാന നഗരങ്ങളില്‍ ദേശീയപാതകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഫുട്ട് ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കും.ബിഒടി അടിസ്ഥാനത്തില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. ആര്‍ടി ഓഫിസുകളിലെ തിരക്കും കാലതാമസവും ഒഴിവാക്കാനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ജോലി കര്‍ശന വ്യവസ്ഥകള്‍ക്കു വിധേയമായി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനും ആലോചനയുണ്ടെന്നു മന്ത്രി പറഞ്ഞു.

INDIANEWS24 TVPM

Leave a Reply