തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ നിന്നും കര കയറുന്നതിനിടെ  കേരളത്തില്‍ ശക്തമായ  മഴയ്ക്ക് വഴിയൊരുക്കി വീണ്ടുമൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

നിലവിലെ സാഹചര്യത്തില്‍ ബുധന്‍ മുതല്‍ വെള്ളി വരെ മഴ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലും, എറണാകുളം മുവാറ്റുപുഴ ഭാഗത്തും കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.നിലവിലെ സാഹചര്യത്തില്‍ വയനാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിമേഖലകളിലൊഴിച്ച് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല.

തീരപ്രദേശത്ത് പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

INDIANEWS24 KOCHI DESK