ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച്ച സംസ്ഥാനത്തെത്തുമെങ്കിലും തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി നരേന്ദ്ര മോദി കേരളത്തിലെത്തും എന്നായിരുന്നു മുമ്പ് ലഭിച്ച സൂചന. ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തുന്ന മോദി ഒരു മണിക്കൂര്‍ തലസ്ഥാനത്ത് ചിലവഴിക്കും.
രാജ്ഭവനില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മോദി മുഖ്യമന്ത്രി, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരെ കാണുമെന്നാണ് അറിയുന്നത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി മുന്‍പ് സംസ്ഥാനം സന്ദര്‍ശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഇവിടെയെത്തിയ മന്ത്രി കാണാതായ അവസാന മല്‍സ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും സംസ്ഥാനത്ത് എത്തുന്നത്. സംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലെത്തി ദുരന്തബാധിതരെ കണ്ടിരുന്നു. കന്യാകുമാരി ജില്ലയിലെ ഓഖി ദുരന്തബാധിതരെയും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു.
INDIANEWS24.COM NEWDELHI