jio 800x100
jio 800x100
728-pixel-x-90
<< >>

കേരളം വര്‍ഗ്ഗീയ കൂത്തരങ്ങാകാനൊരുങ്ങുന്നു

ചില ജാതി ചിന്തകള്‍ പറയാതെ വയ്യ എന്ന നിലയിലേക്കാണ് കേരളത്തിന്റെ പോക്ക്.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു അവലോകനം അനിവാര്യതയായി മാറിയിരിക്കുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഏകദേശം 9 ശതമാനം കുറവ് വോട്ടുകളാണ് ലഭിച്ചത്.സാധാരണഗതിയില്‍ ഇതൊരു എല്‍ ഡി എഫ് തരംഗത്തിന് വഴി വയ്ക്കേണ്ടതാണ്.2004ല്‍ ഇത് നമ്മള്‍ കണ്ടതാണ്.പക്ഷെ ഇത്രയും വോട്ടു ശതമാനം കുറഞ്ഞിട്ടും 12 സീറ്റുകള്‍ നേടാന്‍ യു ഡി എഫിന് കഴിഞ്ഞു എന്നത് അത്ഭുതകരമാണ്.എല്‍ ഡി എഫിന് വെറും 8 സീറ്റുകളാണ് ലഭിച്ചത്.

അതില്‍ ഇടുക്കി അവിടത്തെ പ്രത്യാക സാഹചര്യത്തില്‍ ഭൂരിപക്ഷ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടതുപക്ഷം കൂടി പിന്തുണച്ച ഹൈറേഞ്ച് സംരക്ഷണ സമര സമിതി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനാലും നല്ലൊരു ശതമാനം കേരള കോണ്ഗ്രസ് വോട്ടുകള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ഇടതു പക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ലഭിച്ചതിനാലും കിട്ടിയ സീറ്റാണ്.

ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടു ശതമാനം നന്നേ വര്‍ദ്ധിപ്പിച്ചിരുന്നു. 10.84 ശതമാനം വോട്ടു ബി ജെ പി നേടിയിരുന്നു.സാധാരണ നിലയില്‍ ബി ജെ പി വോട്ടു കൂടുതല്‍ നേടുമ്പോള്‍ യു ഡി എഫിനായിരുന്നു നഷ്ടമുണ്ടായിരുന്നത്.കാരണം യു ഡി എഫിന് ലഭിക്കേണ്ട നായര്‍ സമുദായം ഉള്‍പ്പെടെയുള്ള സവര്‍ണ്ണ വോട്ടുകളാണ് ബി ജെ പിക്ക് വോട്ടു വര്‍ദ്ധിക്കുമ്പോള്‍ നഷ്ടമായിക്കൊണ്ടിരുന്നു എന്നതാണ്.

പക്ഷെ ഇക്കുറി അത് ബാധിച്ചതു എല്‍ ഡി എഫിനെ ആണെന്ന് കാണാം.യു ഡി എഫ് 9ശതമാനത്തോളം വോട്ടു നഷ്ടപ്പെട്ടു 42.08 ശതമാനം വോട്ടു സമാഹരിച്ചപ്പോള്‍ എല്‍ ഡി എഫിന് ലഭിച്ചത് 40.23 ശതമാനം മാത്രമാണ്.ബി ജെ പി നിരവധി മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലോ തൊട്ടടുത്തോ വോട്ടു നേടിയിരുന്നു.തിരുവനന്തപുരത്ത് ബി ജെ പി എല്‍ ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് 2,82,336 വോട്ടുകള്‍ നേടിയിരുന്നു.2,48,9,41 വോട്ടുകള്‍ മാത്രമാണ് ഇടതു പക്ഷ സ്ഥാനാര്‍ഥിക്ക് തിരുവനന്തപുരത്ത് ലഭിച്ചത്.

സി പി എമ്മിന്റെയും സി പി ഐയുടെയും  വോട്ടു ബാങ്കില്‍ നല്ലൊരു ഭാഗവും ഈഴവ-തിയ്യ  സമുദായത്തിന്റെ വോട്ടുകളാണ് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.പൊതുവെ മത നിരപേക്ഷ വാദികളായ ഈഴവ സമുദായംഗങ്ങളുടെ വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചു എന്നത് എല്‍ ഡി എഫ് തല കുലുക്കി സമ്മതിക്കേണ്ടി വരും.തിരുവനതപുരത്ത് നല്ലോരു ശതമാനം ഈഴവ-നായര്‍ വോട്ടുകളുണ്ട്.ഈഴവ സമുദായംഗമായ നടന്‍ മുകേഷിനെ തിരുവന്തപുരത്ത് മത്സരിപ്പിച്ചിരുന്നെങ്കില്‍ ജയിച്ചേനെ എന്നാണു ഇപ്പോള്‍ സി പി ഐക്കാര്‍ പറയുന്നത്.പക്ഷെ ഇടതു പക്ഷം ഈഴവ-നായര്‍ വോട്ടുകള്‍ ഒരു ഫിക്സഡ് ഡെപ്പോസിറ്റായി കണ്ട് നാടാര്‍ വോട്ടു പിടിക്കാന്‍ പോകുകയാണ് ഉണ്ടായത്.

കാസര്‍ഗോഡ് മണ്ഡലത്തിലെ വന്‍ വോട്ടു ചോര്‍ച്ചയും ആലപ്പുഴ,കൊല്ലം,മാവേലിക്കര മണ്ഡലങ്ങളിലെ പരാജയവും വിലയിരുത്തുമ്പോള്‍ അന്‍പത് ശതമാനത്തിലേറെ ഈഴവ വോട്ടുകള്‍ സി പി എമ്മില്‍ നിന്നും ചോര്‍ന്നു പോയി എന്ന് തന്നെ കാണുവാന്‍ സാധിക്കും.ഈ ചോര്‍ച്ചയില്‍ സിംഹഭാഗവും ബി ജെ പി യിലെക്കാണ് പോയിരിക്കുന്നത്.മോഡിയുടെ എറണാകുളത്തെ കായല്‍ സമ്മേളന വേദി വെള്ളാപ്പള്ളി നടേശന്‍ പങ്കിട്ടതും തിരുവനന്തപുരത്ത് രാജഗോപാലിനായി അക്ഷീണം പ്രയത്നിച്ചതുമൊക്കെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.വെള്ളാപ്പള്ളിക്ക് സമുദായ വോട്ടു ബാങ്കില്‍ വലിയ സ്വാധീനമൊന്നും ഇല്ലെങ്കിലും ഈഴവര്‍ ഇടതുപക്ഷത്തില്‍ നിന്നും അകലുകയാണ്.തൃശ്ശൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ഈഴവ വോട്ടുകള്‍ ഇടതു പക്ഷത്തിനു അനുകൂലമായത്.അത് സി എന്‍ ജയദേവന്‍ എന്ന സ്ഥാനാര്‍ഥിയുടെ മെച്ചമാണ് എന്ന് പറയേണ്ടി വരും.

അതേ സമയം മുസ്ലീം വോട്ടുകള്‍ നല്ലൊരു ശതമാനവും യു ഡി എഫിന് അനുകൂലമാകുകയും ലീഗ് 22 നിയമസഭാ മണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.പക്ഷെ,വടകര മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ സി പി എം സ്ഥാനാര്‍ഥി ഷംസീറിന് അനുകൂലമായിരുന്നു.ഇടതു പക്ഷം ഒരു വര്‍ഗ്ഗീയ കാര്‍ഡിറക്കി കളിച്ചു എന്ന് യു ഡി എഫ് ആരോപിക്കുന്ന മണ്ടലമാണിത്.ഇടുക്കി ഒഴികെയുള്ള മണ്ഡലങ്ങളില്‍ നല്ലൊരു പങ്ക്  ക്രിസ്ത്യാനികള്‍ യു ഡി എഫിന് അനുകൂലമായി വോട്ടു ചെയ്തു എന്ന് കാണാവുന്നതാണ്.കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിയും എറണാകുളത് കെ വി തോമസും ആന്റോ ആന്റണിയും മറ്റും  അവര്‍ പോലും പ്രതീക്ഷിക്കാത്ത മാര്‍ജിനിലാണ് വിജയിച്ചത്.പത്തനംതിട്ടയില്‍ എല്‍ ഡി എഫിന് ലഭിക്കേണ്ടിയിരുന്ന നല്ലൊരു പങ്ക് വോട്ടു ബി ജെ പി യുടെ പെട്ടിയിലാണ് വീണത്.

കേരളത്തിലെ യു ഡി എഫ് 42 ശതമാനം വരുന്ന മുസ്ലീം-ക്രിസ്ത്യാനികളില്‍ സിംഹഭാഗത്തിന്‍റെ കൂടാരമായും  ബി ജെ പി പതിയെ ഭൂരിപക്ഷ സമുദായമായ നായര്‍-ഈഴവ-ഇതര ഹിന്ദുക്കളുടെയും പാര്‍ട്ടിയായും മാറുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്.അവശേഷിക്കുന്ന ഈഴവ-നായര്‍-ദളിത്‌ വിഭാഗങ്ങളുടെയും മതനിരപേക്ഷത പുലര്‍ത്തുന്ന വിവിധ മതസ്ഥരുടെയും പാര്‍ട്ടിയായി സി പി എമ്മും നിലകൊള്ളുന്നു.പക്ഷെ ഈ മതനിരപേക്ഷ കൂട്ടായ്മയുടെ അംഗ ബലം ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ശോഷിച്ചു വരികയാണ്.അതാണ്‌ സി പി എം നേരിടുന്ന വെല്ലുവിളി.പാര്‍ട്ടിയുടെ നയങ്ങളുടെയും അക്രമ രാഷ്ട്രീയ പശ്ചാത്തലത്തതിന്റെയും മറ്റും വെളിച്ചത്തില്‍ സി പി എമ്മിന് സ്വാധീനം വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നില്ല.

കേരളത്തില്‍ ഒരു വര്‍ഗ്ഗീയ കക്ഷി കൂടി രൂപം കൊള്ളാന്‍ പോകുന്നു എന്നതാണ് ഒടുവില്‍ കേട്ടത്.ഇടുക്കിയില്‍ തങ്ങളുടെ സ്ഥാനാര്‍ഥി വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി കേരളത്തില്‍ പുതിയ രാഷ്ട്രീയ  കക്ഷിക്ക് രൂപം കൊടുക്കുകയാണ.കേരള കോണ്‍ഗ്രസിലെ അസംതൃപ്തര്‍ ഒപ്പം ഉണ്ടാകുമെന്ന് കേള്‍ക്കുന്നു.കേരള കോണ്‍ഗ്രസിന്റെ ഒരു പുതിയ പാര്‍ട്ടി തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.ഇടതു പക്ഷത്തിനും ഇരിക്കട്ടെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൂട്ട്.ചുരുക്കത്തില്‍ കേരളം വര്‍ഗ്ഗീയതയുടെ കൂത്തരങ്ങായി മാറുന്ന സാഹചര്യമാണുള്ളത്‌.ഇത് കേരളത്തെ പിന്നോട്ടടിക്കും എന്നതില്‍ തര്‍ക്കമില്ല.

ചില സ്ഥിതിവിവരക്കണക്കുകള്‍:

കേരളത്തിലെ നിലവിലെ ഏകദേശ മത-ജാതി കണക്കെടുപ്പ് ഇപ്രകാരമാണ്.ഹിന്ദുക്കള്‍ 58 ശതമാനം,മുസ്ലീങ്ങള്‍ ഏകദേശം 25 ശതമാനം,ക്രിസ്ത്യാനികള്‍ 17 ശതമാനം ഇങ്ങനെ പോകുന്നു കണക്കുകള്‍.

ഇതില്‍ ഈഴവര്‍ മാത്രം 24 ശതമാനവും നായര്‍ 16,ദളിത്‌ വിഭാഗങ്ങള്‍ 10,മറ്റുള്ള സവര്‍ണ്ണ വിഭാഗങ്ങളും വിശ്വകര്‍മ്മജര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം കൂടി മറ്റൊരു 8 ശതമാനവും.

Special Correspondent

 

2 Responses to കേരളം വര്‍ഗ്ഗീയ കൂത്തരങ്ങാകാനൊരുങ്ങുന്നു

  1. Aravind Nair Reply

    May 19, 2014 at 4:51 PM

    From the result it is very clear that in Kerala as in the past ,only Hindu votes are divided. All the others( so called secular people )voted for their candidate irrespective of their Party. Always Hindus are secular that is why their votes divided into LDF,UDF and BJP. Whereas 100% Christians and Muslims voted only for their candidates which is clear from their majority. Who is secular – only Hindus

  2. Jais Reply

    May 19, 2014 at 10:37 PM

    Could you please explain how the highrange samsarashanasamithi is become a vargeeya party ? Its becasue christians support it ?

Leave a Reply