ടൊറന്റോ: ഏതെല്ലാം പ്രതിസന്ധി ഉണ്ടായാലും പ്രവാസിമലയാളികളെ കേരളം ചേര്‍ത്തുപിടിക്കുമെന്ന് സംസ്ഥാന വ്യവസായമന്ത്രി ഇ പി ജയരാജന്. പ്രളയത്തിനും കോവിഡിനും ശേഷമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിയില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഇ പി. കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാനായിരുന്നു കോണ്‍ഫറന്‍സ്.
കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സൌകര്യവും ഒരുക്കും. ലോകത്തിനുതന്നെ മാതൃകയായ വിധത്തില്‍ കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പ്രളയത്തെ അതിജീവിച്ചതാണ് കേരളം. പിന്നാലെയാണ് കോവിഡിന്റെ ഭീഷണി. ഇതിനുശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മിതി വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണ്. എപ്പോഴും തൊഴില്‍പ്രശ്നങ്ങളും സമരവുമാണെന്ന ചിലരുടെ പ്രചാരണം മുമ്പ് നമുക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ വിലപ്പോകില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു സമരംപോലും ഉണ്ടായിട്ടില്ല. മുതല്‍മുടക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ ഉള്‍പ്പെടെ ആര്‍ക്കും കേരളത്തിലേക്ക് ധൈര്യമായി കടന്നുവരാം. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ടെന്നും ഇ പി പറഞ്ഞു
കോവിഡിനെത്തുടര്‍ന്ന് വന്‍പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖലയെ ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍നിന്ന് നമ്മള് മാറേണ്ടതുണ്ട്. കോവിഡിനെ നേരിടാന്‍ മാസ്ക്, സാനിട്ടൈസര്‍ തുടങ്ങി പല കാര്യങ്ങളും സ്വയം ഉല്പാദിപ്പിക്കാന് നമ്മള്‍ക്കായി. കൂടുതല്‍ കൃഷിയിടങ്ങളും ഒരുങ്ങുകയാണ്. ഇത്തരം മാറ്റങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പോലെയുള്ള ദുരന്തങ്ങളില്‍ നാട്ടിലുള്ള ഉറ്റവരെയോര്‍ത്ത് ഒരു പ്രവാസിയും ആശങ്കപ്പെടേണ്ട. അവരുടെ സംരക്ഷണത്തിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കാനഡ സര്‍ക്കാര്‍ മിക്ക ജനവിഭാഗങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എന്നാല്‍, ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി കാനഡ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു.
സമന്വയ കള്‍ച്ചറല്‍ അസോസിയേഷന് സെക്രട്ടറി പ്രദീപ് ചേന്നംപള്ളില്‍ ആതിഥേയത്വം വഹിച്ചു. ജോസ്കുട്ടി ജോസഫ് [ടൊറന്റോ മലയാളി സമാജം], ടോമി കൊക്കാടന്‍ [ഫോക്കാന], ടോം വര്‍ഗീസ് [കണ്‍സര്‍വേറ്റീവ് പാര്‍ട്ടി] സൂരജ് അത്തിപ്പറ്റ [ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്], പ്രസാദ് നായര്‍ [ മിസിസാഗ കേരള അസോസിയേഷന്], ജോജി ജോണ്‍ [മലയാളി അസോസിയേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ഒണ്ടാരിയോ], അജു ഫിലിപ്പ് [ഒണ്ടാരിയോ റീജിയണല്‍ മലയാളി അസോസിയേഷന്], സോമോന്‍ സഖറിയ [മലയാളി ട്രക്കേഴ്സ് അസോസിയേഷന് കാനഡ], കുര്യന് പ്രക്കാനം [ബ്രാംപ്ടന്‍ മലയാളി സമാജം], അനില്‍കുമാര്‍ [കൊച്ചിന് ക്ലബ്ബ്], ഫെലിക്സ് [കനേഡിയന്‍ ലയണ്‍സ്]], റെജി [കിംഗ്സ്റ്റണ്‍ മലയാളി അസോസിയേഷന്], സാബു മണിമലേത്ത്, സയോണ സംഗീത്, ഷാജേഷ് പുരുഷോത്തമന്, അനീഷ് ജോസഫ്, അനീഷ് അലക്സ്, രഞ്ജിത്ത് സൂരി, സാജു ഇവാന്‍സ്, ശരത് രമണന്, ഹ്യൂബര്‍ട്ട് ജെറോം , സുനില്‍കുമാര്‍ വാസുദേവന്‍, ജിയോ ജോസ്, ഫാസില്‍ മണ്ണാറ തുടങ്ങിയവര്‍ പങ്കെടുത്തു.