728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളം പമ്പാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെ കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്‌

ചെന്നൈ: പട്ടിശേരിയില്‍ പമ്പാര്‍ നദിക്കു കുറുകെ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.പമ്പാര്‍ അമരാവതി നദിയുടെ പോഷക നദിയായതിനാല്‍ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങളെ അണക്കെട്ട് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നതായി തമിഴ്‌നാട് അറിയിച്ചു.

കേരളത്തെ ഡാം നിര്‍മിക്കാന്‍ അനുവദിച്ചാല്‍ തിരുപ്പൂര്‍ ജില്ലയിലുള്‍പ്പെടുന്ന അമരാവതി റിസര്‍വോയറിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടസപ്പെടും. ഇത് ഈ പ്രദേശത്തെ കുടിവെള്ള വിതരണവും കാര്‍ഷിക ജലസേചനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും തമിഴ്‌നാട് പറയുന്നു. മാത്രമല്ല പദ്ധതി പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന്റേയും തമിഴ്‌നാട് സര്‍ക്കാരിന്റേയും അനുമതി വാങ്ങിയിരിക്കണമെന്ന കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് കേരളം പാലിച്ചില്ലെന്നും കത്തിലുണ്ട്.കാവേരി നദിയുടെ പോഷകനദിയാണ് അമരാവതി.

അണക്കെട്ടിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചെന്നും രണ്ട് ടി എം സി അടിയുള്ള അണക്കെട്ടാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും തമിഴ്‌നാട് കേന്ദ്രത്തിന് അയച്ചിരിക്കുന്ന കത്തില്‍ ചൂണ്ടിക്കാട്ടി.വെള്ളിയാഴ്ച്ച പദ്ധതി പ്രദേശം സന്ദര്‍ശിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള എഞ്ചിനിയര്‍മാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണെന്നും കത്തില്‍ പറയുന്നു.

INDIANEWS24 CHENNAI

Leave a Reply