ന്യൂഡൽഹി:കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മലയാളം ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റേയും സംപ്രേഷണം പുനരാരംഭിച്ചു.ശനിയാഴ്ച പുലർച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനരാരംഭിച്ചത്.2.44 മുതൽ ഏഷ്യാനെറ്റ് ന്യൂസ് വിഡിയോ സ്ട്രീമിങ്ങും ഇന്റർനെറ്റിൽ ലഭ്യമായി. 9.36 മുതലാണ് മീഡിയ വണ്‍ ലൈവ് സ്ട്രീമിങ് ഉള്‍പ്പെടെ പുനരാരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്‍ ചാനലിന്റെയും പ്രക്ഷേപണത്തിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായത്.
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിലാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടത്.2 ചാനലുകൾക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നൽകിയിരുന്നു.മറുപടി കേട്ടശേഷമായിരുന്നു നടപടി. ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
INDIANEWS24 NEWDELHI DESK