728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ് രിവാളെ വിട്ടോ, ഇത് കേരളമാ

കേരളത്തില്‍ ആം ആദ്മി പാര്‍ടി പ്രവര്‍ത്തനം ശക്തമാക്കാന്‍പോകുകയാണെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ കേരള ഘടകത്തിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ലൈക് ചെയ്യാനുള്ളവരുടെ നീണ്ട ക്യൂ ആണെന്നാണ് നേതാക്കള്‍അവകാശപ്പെടുന്നത്. അതെന്തായാലും അരവിന്ദ് കേജ് രിവാളിനോടു ഒന്നേ പറയാനുള്ളൂ. ഇത് കേരളമാണ് സൂക്ഷിച്ചോ. ഒന്നുകില്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍ കുത്തിക്കൊല്ലും.ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഈ വഴിക്ക് വരാതിരിക്കുകയാകും നല്ലത്.

നഗരം എന്ന നിലയില്‍ കേരളം ദില്ലിയോളം വരില്ല .കേരളത്തെ ഒരു സംസ്ഥാനം എന്ന് വിളിക്കുന്നതിലും നല്ലത് രാജ്യത്തെ ഏറ്റവും കുടുതല്‍ വിസ്തൃതി ഉള്ള നഗരം എന്ന് വിശേഷിപ്പിക്കുന്നതാണ്.നഗരങ്ങളെ കുറിച്ച്  പി. ഭാസ്കരന്‍എഴുതിയ വരികള്‍ ആണ് കേരളത്തിനു ചേരുന്നത്.

‘നഗരം നഗരം മഹാസാഗരം

കളിയും ചിരിയും മേലെ

ചെളിയും ചുഴിയും താഴെ….’

അതെ, രക്ഷപെടാന്‍ഒരു കച്ചിത്തുരുമ്പുമില്ലാത്ത ആഴക്കയത്തിലേക്ക് വലിച്ചു കൊണ്ട് പോകുന്ന വലിയ ചുഴികള്‍. അതാണ്‌ആം ആദ്മി കേരളത്തില്‍ വന്നാല്‍ അവരെ കാത്തിരിക്കുന്നത്.

 

ഓര്‍മയില്ലേ പണ്ട് സ്വാമി വിവേകാന്ദന്‍കേരളത്തെക്കുറിച്ച് പറഞ്ഞത്. ഭാരതത്തിന്റെ ചേതനയെ തൊട്ടുണര്‍ത്തിയ സ്വാമികള്‍ക്ക് പോലും കേരളത്തിലെത്തിയപ്പോള്‍  തലയിലെ ഫ്യുസടിച്ചു പോയി. നിനക്കൊക്കെ മുഴുത്ത വട്ടാടാ എന്ന് മലയാളികളോട് പറഞ്ഞിട്ട് കന്യാകുമാരിയില്‍പോയി ഭജനമിരിക്കുകയാണ് വിവേകാനന്ദന്‍ചെയ്തത്.

വിവേകാനന്ദന്‍ ഇത് പറഞ്ഞിട്ട് വര്‍ഷം നൂറു കഴിഞ്ഞു. പക്ഷേ, കാര്യങ്ങള്‍ക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് വാസ്തവം. നൂറു ശതമാനം സാക്ഷരതയെന്നും വികസിതരാജ്യങ്ങള്‍ക്ക് തുല്യമായ ജീവിതനിലവാരമെന്നും സംസ്കാരസമ്പന്നമെന്നും ഒക്കെ മേനിനടിക്കുമ്പോഴും കേരളത്തിന്‍റെ മനസ് ഇന്നും മതത്തിന്‍റെയും ജാതിയുടെയുമൊക്കെ കുപ്പത്തൊട്ടിലാണ്. മതങ്ങളും ജാതികളുമാകട്ടെ മുമ്പത്തേക്കാള്‍ സുസംഘടിതവും. ളാഹാ ഗോപാലന്‍,സി കെ ജാനു ,വെള്ളാപ്പള്ളി,സുകുമാരന്‍നായര്‍ ,കാന്തപുരം ,തങ്ങള്‍ ,പിന്നെ പാലായിലെ പ്രധാനമന്ത്രിക്ക് പിന്നിലും ചിലപ്പോള്‍മുന്നിലും അണിനിരക്കുന്ന വിവിധ തരം ബിഷപ്പുമാര്‍ ,ശമ്പളം കൂടുതല്‍ ചോദിച്ചാല്‍ ഗുണ്ടകളെ വിട്ടു നേഴ്സ്മാരെ തല്ലിക്കുന്ന ‘ആള്‍ദൈവം’. അങ്ങനെ എല്ലാവരും സുസംഘടിതര്‍.

പണ്ടത്തെ കേരളത്തിന്‍റെ ഭ്രാന്ത്‌ ജന്മനാ ഉള്ളതായിരുന്നു എങ്കില്‍ ഇപ്പോഴത്തെ ഭ്രാന്ത്‌ആര്‍ത്തി മൂത്ത് ഉണ്ടായതാണ്. അധികാരത്തോടുള്ള ആര്‍ത്തി. അതുകൊണ്ടാണ് ആം ആദ്മി സൂക്ഷിക്കേണ്ടത്. ആം ആദ്മി കേരളത്തില്‍ അധികാരത്തില്‍വരും എന്ന് തോന്നിയാല്‍ ഈ പറഞ്ഞവരെല്ലാം കേജ് രിവാളിനു പിന്നില്‍ചൂലും പിടിച്ചു ,ഖദര്‍തൊപ്പിയും ധരിച്ച് അണിനിരക്കും.നികൃഷ്ട ജീവിയെന്നോ തീവ്രവാദിയെന്നോ എന്ത് വേണമെങ്കിലും കേജ് രിവാള്‍വിളിച്ചോ. ക്ഷമിക്കും,സഹിക്കും. പക്ഷെ, മലപ്പുറം കുഞ്ഞാലിക്കുട്ടിക്കും മധ്യതിരുവിതാംകൂര്‍ മാണിക്കും കൊടുക്കണം. മലപ്പുറത്ത്‌പാര്‍ടിയുടെ പേര് ആം ആദ്മി ലീഗ് എന്നാക്കിയാല്‍പെരുത്ത്‌സന്തോഷമായി. കോട്ടയത്ത്‌സംസ്ഥാന കമ്മിറ്റി കൂടുമ്പോള്‍ ശുദ്ധ വെജിറ്റേറിയന്‍ ആണെങ്കിലും കേജ് രിവാളിനു കരിമീന്‍പൊള്ളിച്ചതും ചിക്കന്‍ടിക്കയും വിളമ്പും. കൊഴിയെയെല്ലാം കൊന്നുതിന്നതുകൊണ്ട് തള്ളിപ്പറയാന്‍ പന്ത്രണ്ടിന്റെ അലാറം അടിക്കുന്നത് വരെ കാത്തിരിക്കേണ്ടിവരും എന്ന് മാത്രം.

വെള്ളാപ്പള്ളിയും സുകുമാരന്‍നായരുമൊക്കെ  ആ കാര്യത്തില്‍ കുറച്ചുകൂടി ഒക്കെ അന്തസ്സ് ഉള്ളവര്‍ആണ്.ജയിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ള നായരെയും ഈഴവരെയും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യും.അവര് പറയുന്ന ആരെയെങ്കിലും മന്ത്രി ആക്കിയാല്‍മതി.പിന്നെ ആം അദ്മിയെ വിറ്റ് കാശ് മേടിച്ചു പോക്കറ്റില്‍ഇടും.

കേജ് രിവാളല്ല, അണ്ണാ ഹസാരെ കൂടി വന്നാലും ശരി , ഇവരെല്ലാം ചേര്‍ന്ന് അഴിമതി വിരുദ്ധ ചൂലിന്റെ കേട്ട് അഴിച്ചു വിടും. കാരണം അഴിമതി നടത്തി പത്ത് പുത്തനുണ്ടാക്കുന്നവരെയാണ് മലയാളികള്‍ക്ക് ഇഷ്ടം. ആദര്‍ശമെന്നും അഴിമതിവിരുദ്ധമെന്നുമൊക്കെ പറയുന്ന മണ്ടന്മാരെ ഞങ്ങള്‍ക്ക് പുച്ഛമാണ്. ഡല്‍ഹിക്കാരൊക്കെ ദൈവത്തെപ്പോലെ കാണുന്ന ഇ ശ്രീധരനെ ഇവിടെ മൂക്കുകൊണ്ട്‌കൊച്ചി മെട്രോയുടെ സ്കെച്ച് വരപ്പിക്കുന്നത്‌കണ്ടില്ലേ. ജനകീയ അസൂത്രണമെന്ന  ജനകീയ അഴിമതിതന്നെ കേരളത്തിന്‍റെ സംഭാവനയല്ലേ.

കക്കാന്‍മാത്രമല്ല നില്‍ക്കാനും മലയാളികള്‍ക്ക് അറിയാം. എങ്ങാന്‍തൊടാന്‍വന്നാല്‍  മതത്തേയും ജാതിയേയും രാഷ്ട്രീയത്തെയുമൊക്കെ പിടിച്ച് മുമ്പില്‍നിര്‍ത്തിയാല്‍മതി. അല്ലെങ്കില്‍  ജസ്റ്റീസ് ബാലകൃഷ്ണനോടോ ബാലകൃഷണ പിള്ളയോടോ ചോദിച്ചുനോക്ക്‌. സിസ്റ്റര്‍അഭയയുടെയും ചേകന്നൂര്‍മൌലവിയുടെയുമൊക്കെ കൊലയാളികള്‍ഇപ്പോഴും നാട്ടില്‍കൂടി ചങ്കുവിരിച്ചു നടക്കുന്നില്ലേ. ഇതുപോലുള്ള സംഭവങ്ങള്‍ഡല്‍ഹിയിലും ഉണ്ടാകാം. പക്ഷെ ഇത്തരം പാതകങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ജനരോഷം ആളി കത്തുന്ന സംസ്ഥാനം കേരളം പോലെ വേറെ കാണില്ല.

ഐആര്‍എസ് ഉദ്യോഗം ഉപേക്ഷിച്ചു പൊതു പ്രവര്‍ത്തനത്തിനു വേണ്ടി ത്യാഗം ചെയ്യുന്നു എന്ന് പറഞ്ഞു ആം ആദ്മി തലവന്‍കേജിര്‍വാള്‍കേരളത്തിലേക്ക് വരുന്നത് മൂന്നു വട്ടം ആലോചിച്ചു വേണം.ജനാധിപത്യപരമായി അധികാരത്തില്‍വന്ന ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള  ആദ്യത്തെ സര്‍ക്കാരിനെത്തന്നെ വിമോചനസമരം നടത്തി താഴെയിറക്കിയവരാണ് ഇവിടത്തെ ജാതിമതശക്തികള്‍. അന്ന് വിമോചനസമരത്തിന്റെ മുന്നില്‍നിര്‍ത്തിയ എ കെ ആന്റണി കുറച്ചുകാലത്തിനു ശേഷം ‘കുരുത്തക്കേട്’ കാട്ടിയപ്പോള്‍ഡല്‍ഹിക്ക് പറപ്പിക്കാനും അവര്‍ക്കായി.

കാട് നന്നാക്കണമെന്ന് പറഞ്ഞ കസ്തൂരി രംഗനെ ഇപ്പോള്‍നിര്‍ത്തിപ്പൊരിക്കുകയാണ്. അപ്പോള്‍കേജ് രിവാള്‍  നാട് നന്നാക്കണം എന്ന് പറഞ്ഞു വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്ക്. ഇടുക്കി ബിഷപ്പിന്റെ ഭാഷയില്‍പറഞ്ഞാല്‍കേരളം കാഷ്മീര്‍ആകും.

അത് കൊണ്ട് ഏതെങ്കിലും വിവരദോഷികള്‍പറഞ്ഞത് കേട്ട് കേരളത്തിലേക്ക് വരാന്‍  കേജ് രിവാള്‍ആലോചിക്കുന്നുണ്ടെങ്കില്‍വെച്ച കാല്‍പിന്നോട്ടെടുക്കുകയാണ് നല്ലത്. ഇല്ലെങ്കില്‍ആപ്പ് ഞങ്ങള്‍ഊരും. നക്കിക്കൊല്ലാന്‍പറ്റിയില്ലെങ്കില്‍അടുത്ത പരിപാടിയുണ്ട്. പിന്നിലൂടെ കമ്പി കയറ്റുക, 51 വെട്ട് തുടങ്ങിയ മനോഹരമായ മറ്റ് ചില ആചാരങ്ങള്‍. അതൊക്കെ താങ്ങാനുള്ള കരുത്ത് കേജ് രിവാളിന് ഉണ്ടാകുമോ?

Leave a Reply