728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ്രിവാള്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. അടുത്ത പാര്‍ലമെന്റില്‍ പാര്‍ട്ടി നിര്‍ണായകശക്തി ആയാല്‍ എഎപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും കേജ്രിവാള്‍. അതേസമയം ലോകസഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും മുംബൈയിലും കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപി നേട്ടമുണ്ടാക്കുമെന്ന് എബിപി- ന്യൂസ്‌ നീല്‍സന്‍ നടത്തിയ സര്‍വേ അഭിപ്രായപ്പെടുന്നു.

ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് കേജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എംഎല്‍എമാര്‍ ആരും ലോക്സഭയിലേക്ക് മത്സരിക്കില്ല എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍. കേജ്രിവാള്‍ മത്സരിക്കുന്നത് രാജ്യമാകെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് മറ്റ് നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇതിന് കേജ്രിവാള്‍ വഴങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്.

കേജ്രിവാള്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ടത്തില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല എന്ന് എഎപി നേതാവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കി. എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചാല്‍ ഡല്‍ഹി ഭരണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന അര്‍ത്ഥത്തില്‍ മാത്രം കേജ്രിവാളിന്റെ മുന്‍പ്രസ്താവന കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റതിനെക്കാള്‍ കടുത്ത പ്രഹരമായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപിയില്‍ നിന്ന് കോണ്‍ഗ്രസിന് എല്‍ക്കുകയെന്ന് എബിപി- ന്യൂസ്‌ നീല്‍സന്‍ അഭിപ്രായവോട്ടെടുപ്പ് പറയുന്നു. ഡല്‍ഹിയില്‍ എഎപി തരംഗത്തില്‍ ബിജെപിക്കും നിലതെറ്റും. ആകെയുള്ള ഏഴു സീറ്റില്‍ ആറും നേടി എഎപി വന്‍നേട്ടമുണ്ടാക്കും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കും. കഴിഞ്ഞ തവണ ഏഴു സീറ്റിലും ജയിച്ച കോണ്‍ഗ്രസ് ഇത്തവണ പച്ചതൊടില്ല.

2009ല്‍ 57.13 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 15 ശതമാനം വോട്ടേ ലഭിക്കൂ. ബിജെപി വോട്ട് 35.08ല്‍ നിന്ന് 22 ആയി കുറയും. എഎപി 57 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പറയുന്നു.

ദേശീയ തലസ്ഥാന മേഖലയില്‍ വരുന്ന യുപിയിലെ രണ്ട് സീറ്റുകള്‍ എഎപിയും ബിജെപിയും പങ്കിടും. ബിജെപി ദേശീയ പ്രസിഡന്‍റ് രാജ്നാഥ് സിംഗ് പ്രതിനിധീകരിക്കുന്ന ഘസിയാബാദില്‍ എഎപി അട്ടിമറിജയം നേടും.

മുംബൈ, താനെ മേഖലകളില്‍ കോണ്‍ഗ്രസ് വോട്ട് എഎപി പിടിക്കുമ്പോള്‍ ബിജെപി നേട്ടമുണ്ടാക്കും. കഴിഞ്ഞ തവണ ഈ പ്രദേശങ്ങളില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ബിജെപി-ശിവസേന സഖ്യത്തിന് ഇത്തവണ ആറു സീറ്റില്‍ ജയിക്കാന്‍ കഴിയും. ഹരിയാനയില്‍ എഎപി കാര്യമായ ചലനം ഉണ്ടാക്കില്ലെന്നും സര്‍വേ പറയുന്നു.

മുംബൈയിലും ദേശീയ തലസ്ഥാന മേഖലയിലുമായി കൂടുതല്‍ പേര്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്‌ ബിജെപി നേതാവ് നരേന്ദ്ര മോഡിയെ ആണെന്നാണ് സര്‍വേഫലം, 48ശതമാനം. കേജ്രിവാളിന് 31 ശതമാനത്തിന്‍റെ പിന്തുണ ഉള്ളപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 16 ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്.

Leave a Reply