728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ്രിവാളിനെ ബന്ദിയാക്കാന്‍ ഭീകരരുടെ പദ്ധതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കേജ്രിവാളിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കാന്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി തയ്യാറാക്കിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. പോലീസ് കസ്റ്റഡിയില്‍ ഉള്ള കൊടുംതീവ്രവാദി യാസിന്‍ ഭട്കലിനെ മോചിപ്പിക്കുകയാണ് ഇന്ത്യന്‍ മുജാഹിദീന്‍റെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് കേജ്രിവാളിനോടു ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചു.

2010ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ബോംബ്‌ സ്ഫോടനത്തിന്‍റെയും അഹമ്മദാബാദ്, സൂററ്റ്, പുണെ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളുടെയും സൂത്രധാരന്‍ യാസിന്‍ ഭട്കല്‍ ആണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.

എന്നാല്‍, ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം എന്ന പോലീസ് നിര്‍ദേശം കേജ്രിവാള്‍ തള്ളി. കേന്ദ്രസര്‍ക്കാരിന് ഒപ്പംചേര്‍ന്ന് ഡല്‍ഹി പോലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആരോപിച്ചു. തീവ്രവാദി ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കരുതെന്ന് പോലീസ് എന്നോടു പറഞ്ഞു. എന്നിട്ട് അവര്‍തന്നെ മാധ്യമങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. ഇനി ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ആര്‍ക്കും എന്നെ ആക്രമിക്കാം. ഇത്ര മണ്ടന്മാരാണോ ഡല്‍ഹി പോലീസ്. അതോ അവര്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി കളിക്കുകയാണോയെന്നും കേജ്രിവാള്‍ ചോദിച്ചു.

കേജ്രിവാളും ഡല്‍ഹി മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും പോലീസ് സുരക്ഷ സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയത്തിലെ വിഐപി സംസ്കാരം ഇല്ലാതാക്കുകയെന്ന ആം ആദ്മി പാര്‍ട്ടി നിലപാടിന്‍റെ പേരിലാണിത്.

Leave a Reply