728-pixel-x-90-2-learn
728-pixel-x-90
<< >>

കെ ബാബുവും പ്രതിരോധത്തില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്കു പിന്നാലെ എക്സൈസ് മന്ത്രി കെ ബാബുവും പ്രതിരോധത്തില്‍. ബിജുരമേശ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പും ബാബുവിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു.

ബിജുരമേശ് നല്‍കിയ മൊഴിയില്‍ തനിക്കെതിരെ ആരോപണങ്ങളില്ലെന്ന എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ വാദവും പൊളിഞ്ഞു. 2015 മാര്‍ച്ച് 30ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ബിജുരമേശ് നല്‍കിയ മൊഴിയിലാണ് ബാബു കോഴവാങ്ങിയെന്ന് ആരോപിക്കുന്നത്.താന്‍ മന്ത്രി കെ ബാബുവിന്റെ ഓഫീസില്‍ പോയി അദ്ദേഹത്തിന് പണം കൈമാറിയെന്ന് ബിജുരമേശ് സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു.ബാര്‍ ലൈസന്‍സിനുള്ള ഫീസ് കുറയ്ക്കണമെങ്കില്‍ ചിലവുണ്ടെന്നാണ് മന്ത്രി ബാറുടമകളോട് പറഞ്ഞതായും മൊഴിയുണ്ട്.ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലും ബാബുവിനെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നു.തനിക്കെതിരെ ആരോപണങ്ങള്‍ മാത്രമാണെന്നും ബാബുവിനെതിരായാണ് കൂടുതല്‍ തെളിവുകളുള്ളതെന്നും ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കവെ കെ എം മാണി പറഞ്ഞിരുന്നു.

ഇതോടൊപ്പം ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു.എക്‌സൈസ് മന്ത്രിക്ക് കോഴ നല്‍കാന്‍ ബാറുടമകള്‍ പണം പിരിച്ചെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന രണ്ട് സാക്ഷി മൊഴികള്‍ കണക്കിലെടുക്കാതെയാണ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാന്‍ എക്‌സൈസ് വകുപ്പ് നീക്കം തുടങ്ങുന്നതിനിടെ ബാറുടമകള്‍ വലിയതോതില്‍ പണപ്പിരിവ് നടത്തിയെന്ന് വിജിലന്‍സിന് ലഭിച്ച മൊഴിയിലുണ്ട്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗ തീരുമാനപ്രകാരം തൃശൂരില്‍ നിന്ന് മാത്രം പത്തുലക്ഷം രൂപ പിരിച്ചെന്ന് സംഘടനാ ഭാരവാഹി സി ഡി ജോഷി മൊഴി നല്‍കിയിരുന്നു. പതിനായിരം രൂപ വീതമാണ് ഓരോ ബാറുകളില്‍ നിന്നും പിരിച്ചത്.ഈ തുക ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.ലൈസന്‍സ് ഫീസ് വര്‍ദ്ധന തടയാന്‍ കുറച്ച് ചെലവുണ്ടെന്ന് ബാറുടമകള്‍ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പറഞ്ഞതായി മറ്റൊരു ഭാരവാഹി ഷൈനും വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

ഏറെ പ്രാധാന്യമുള്ള ഈ രണ്ട് മൊഴികളും വിജിലന്‍സ് അവഗണിച്ചു. കെ ബാബുവിന് സെക്രട്ടറിയേറ്റിലെത്തി ബിജു രമേശ് പണം കൈമാറുന്നത് കണ്ടെന്ന് വ്യക്തമാക്കുന്ന രണ്ട് സാക്ഷിമൊഴികളും പരസ്പര വിരുദ്ധമാണെന്ന് പറഞ്ഞ് വിജിലന്‍സ് അവഗണിക്കുകയായിരുന്നു. സമഗ്ര അന്വേഷണം വേണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ മന്ത്രി ബാബുവിനെതിരായ കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

INDIANEWS24.COM T V P M

Leave a Reply