728-pixel-x-90-2-learn
728-pixel-x-90
<< >>

കെ ബാബുവിന്റെ വീട്ടിൽ റെയ്ഡ്; ലക്ഷങ്ങൾ പിടിച്ചെടുത്തു

കൊച്ചി:മുൻമന്ത്രി കെ ബാബുവിന്റെ വസതിയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു.ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് പറയുന്ന ബേക്കറി ഉടമയുടെ വീട്ടിൽ നിന്നും ആറര ലക്ഷം രൂപയും പിടിച്ചെടുത്തു.മുൻസർക്കാരിന്റെ കാലത്ത് എക്സൈസ് മന്ത്രിയായിരിക്കെ ബാബു നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.ബന്ധുക്കളുടെയും മറ്റു ബിനാമികളുടെയും വീടുകളിൽ വരും ദിവസങ്ങളിൽ റെയ്ഡ് തുടരും.

ബാബുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടിലും പാലാരിവട്ടത്തുള്ള മകളുടെ വീട്ടിലും തൊടുപുഴയിലുള്ള മറ്റൊരു മകളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.ബാബുവുമായി ബന്ധപ്പെട്ട ഏഴ് കേന്ദ്രങ്ങളിൽ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഇന്നു പുലര്‍ച്ചെ ഏഴോടെ റെയ്ഡ് ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ വിജിലന്‍സ് ഏഴിടങ്ങളിലും ഒരേസമയത്താണ് റെയ്ഡ് നടത്തിയത്. ബാബുവും ഭാര്യയും തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്. അതേ സമയം റെയ്ഡിനെക്കുറിച്ച് പ്രതികരിച്ച കെ ബാബു തനിക്കെതിരെ നടക്കുന്നത് പകപോക്കലാണ് എന്ന് മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ബാബുവിനെയും മറ്റു രണ്ടു പേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയഡുകള്‍. എക്‌സൈസ് മന്ത്രിയായിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷം ബാബു നടത്തിയ ഇടപാടുകളും അദ്ദേഹത്തിന്‍റെ സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ബാബു മന്ത്രിയായതിനുമുമ്പും അതിനുശേഷവുമുള്ള അദ്ദേഹത്തിന്റെ സ്വത്തുവകകളുടെ വര്‍ധനയും പരിശോധിക്കും. ബാബുവിന്‍റെ ബന്ധുക്കള്‍ അടുത്തിടെ വാങ്ങിയ വസ്തുക്കളുടെ രേഖകള്‍, അതിന്റെ ഉറവിടം എന്നിവയും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ബാബുവിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകളില്ല എന്നപേരില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പുരോഗതിയുണ്ടായിരിക്കുന്നത്.ബാറുടമകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കാമെന്ന പേരില്‍ കോടിക്കണക്കിന് രൂപ ബാബു കൈപ്പറ്റിയെന്ന് ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ഒരു വിഭാഗം ബാറുടമകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ബാബു വഴിവിട്ട് ഇടപെട്ടുവെന്നായിരുന്നു പരാതി.

INDIANEWS24.COM Kochi

Leave a Reply