728-pixel-x-90-2-learn
728-pixel-x-90
<< >>

കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മാത്യു.ടി.തോമസ് രാജിവെച്ച ഒഴിവിലേക്കാണ് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍, കെ. രാജു, ഡോ. കെ.ടി. ജലീല്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്‌ളോക്കിലെ രണ്ടാംനിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് കെ. കൃഷ്ണന്‍കുട്ടി.1980ല്‍ ശങ്കറിനെ പരാജയപ്പെടുത്തി കൃഷ്ണന്‍കുട്ടി ആദ്യമായി ചിറ്റൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നിട് 82 ല്‍മുല്ലപ്പള്ളി രാമചന്ദ്രനെയും തോല്‍പ്പിച്ചും 91ലും 2016ലും നിയമസഭയിലെത്തി. കേരളത്തിലെ ജലവിഭവത്തെ സംബന്ധിച്ചും, അന്തര്‍ നദീജല കരാറുകളും, അധികാരങ്ങളെ സംബന്ധിച്ചും അഡ് ഹോക്ക് കമ്മിറ്റി റിപോര്‍ട്ട് തയാറാക്കിയ സമിതി അംഗമായിരുന്നു. 1964ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയാണ് രാഷ്ട്രിയ രംഗത്ത് പ്രവേശിക്കുന്നത്.
നിലവില്‍ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റാണ്.ചിറ്റൂര്‍ പെരുമാട്ടി എഴുത്താണിയില്‍ കര്‍ഷകനായ കുഞ്ചു കുട്ടിയുടേയും ജാനകിയുടേയും മകനായി 1944 ആഗസ്റ്റ് 13 നാണ് ജനനം. വിലാസിനിയാണ് ഭാര്യ. കെ നാരായണന്‍കുട്ടി, കെ.അജയന്‍ , കെ.ബിജു,ലത എന്നിവര്‍ മക്കളാണ്.

Leave a Reply