jio 800x100
jio 800x100
728-pixel-x-90
<< >>

കെയര്‍ ഓഫ് മഞ്ജുവാര്യര്‍

മഞ്ജു വാര്യരുടെ മടങ്ങിവരവിനെ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടെങ്കിലും അവര്‍ മലയാള സിനിമയില്‍ അവിഭാജ്യഘടകം എന്ന് ഉറപ്പാക്കുകയാണ് C/O സൈറാബാനു.അഭിനയിച്ചവരെല്ലാം ജീവസ്സുറ്റുനിന്ന കമ്മട്ടിപ്പാടത്തിലെ ഭയം വിട്ടുമാറാത്ത വില്ലന്‍ സണ്ണിയില്‍ നിന്നും നിപ്പിള്‍ ബോയ് പരുവത്തിലുള്ള കോളേജ് വിദ്യാര്‍ത്ഥിയായി ഷെയിന്‍ നിഗം ഗംഭീരമായി.പ്രസംഗമായി തീരുന്ന സ്ത്രീപക്ഷ സിനിമാ ആശയങ്ങളെ പൊളിച്ചടുക്കി നായിക നായകനെ രക്ഷിക്കുന്ന പഞ്ച് ഇഫക്ട് ആണ് സൈറാബാനു സമ്മാനിക്കുന്നത്.

ഹാന്‍ഡ് ഓഫ് ഗോഡ് എന്ന വാചകമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.ഡിയാഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഫുട്‌ബോളര്‍ ആണ് ഈ വാചകം ആദ്യമായി ഉച്ചരിച്ചത്.1986 മെക്‌സിക്കോ ലോകകപ്പില്‍ പന്ത് തന്റെ കൈയ്യില്‍ തട്ടി ഗോളുവീണതിനെ കുറിച്ച് പില്‍ക്കാലത്ത് ചോദിച്ച മാധ്യമപ്രവര്‍ത്തകനുള്ള അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ‘ അത് ദൈവത്തിന്റെ കൈ ആണ് ‘.

ചിത്രം പുരോഗമിക്കുമ്പോള്‍ വിജയികളുടെ പക്ഷം ചേര്‍ന്നു നില്‍ക്കുന്ന കരങ്ങളായാണ് ഈ വാചകത്തെ പ്രമുഖ അഭിഭാഷക ലോ കോളജിലെ ക്ലാസില്‍ വിവരിക്കുന്നത്.ആ വിവരണത്തെ പൂര്‍ണ്ണമായും ഘണ്ഠിക്കാന്‍ തുടങ്ങുന്നിടത്താണ് സിനിമ മുന്നോട്ടുപോകുന്നത്.ഹാന്‍ഡ് ഓഫ് ഗോഡ് എന്ന വിശേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസ്സ് ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ജോര്‍ജ്ജ് പകര്‍ത്തിയ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പായി മോഹന്‍ലാലിന്റെ ശബ്ദമെത്തുന്നതോടെ ചിത്രത്തിന്റെ ആശയം കൂടുതല്‍ വ്യക്തമാക്കിത്തരുന്നു.നായകന്‍ ജോഷ്വ പീറ്ററിന്റെ അച്ഛനായി ആ പ്രസ് ഫോട്ടോഗ്രാഫര്‍ ചിത്രത്തില്‍ വരാതെ വന്നുപോകുകയാണ്. മഴക്കാടുകള്‍ തേടിപ്പോയി മരണമടഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാണാതായ കഥാപാത്രമായാണ്‌ പിറ്റര്‍ ജോര്‍ജ്ജും ചിത്രത്തില്‍ അവശേഷിക്കുന്നത്.അച്ഛന്റെ പാത പിന്തുടരാന്‍ തീരുമാനിക്കുന്ന മകന്‍ ജോഷ്വ സ്വപ്‌നസാഫല്യത്തിനായി പകര്‍ത്തിയ ചിത്രത്തിന് നല്‍കുന്ന അടിക്കുറിപ്പ് ഹാന്‍ഡ് ഓഫ് മദര്‍.ഹാന്‍ഡ് ഓഫ് ഗോഡില്‍ നിന്നും ഹാന്‍ഡ് ഓഫ് മദറിലേക്കുള്ള പ്രയാണമായി ചിത്രത്തെ വിവരിക്കാം.

അമ്മയെ മകന്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു സെന്റി മൂഡ് ക്രിയേറ്റാകുന്നത് സാധാരണ സിനിമാ കാഴ്ച്ച.പോറ്റാനും തലോടാനും അര്‍ഹതയുള്ള കൈനീട്ടി അടിക്കാനും അമ്മയ്ക്കുള്ള അധികാരത്തെ സൈറാബാനു കാട്ടിത്തരുന്നു.അമ്മയുമായുള്ള സംഘര്‍ഷം ചെറിയ നേരത്തെ വീട്ടുവഴക്ക് മാത്രമായി അവശേഷിക്കുമ്പോഴാണ് ഓര്‍ക്കാപുറത്തൊരു റോഡപകടം വന്നുപെടുന്നത്.അപകടത്തെ തുടര്‍ന്ന് കേസില്‍പ്പെടുന്ന ജോഷ്വയുടെ ഭാവി ഇരുട്ടിലാഴ്ത്താന്‍പോന്ന തരത്തില്‍ ഊരാക്കുടുക്കാകുന്നു.നിയമത്തെ വിജയിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുന്നവര്‍ ജോഷ്വയുടെ കുരുക്ക് മുറുക്കാന്‍ ശ്രമം ശക്തമാക്കുന്നു.അവര്‍ക്കെതിരെയാണ് ബാനുവിന്റെ പുറപ്പാട്.നിയമയുദ്ധത്തിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ തോല്‍പ്പിക്കാതെ തന്നെ സൈറബാനു തന്റെ മകനെ രക്ഷപ്പെടുത്തുന്നത് സ്‌ക്രിപ്പ്റ്റിലെ കൈയ്യടക്കം വ്യക്തമാക്കുന്നു.

സാമുഹ്യപ്രസക്തമായ വിഷയത്തെ ശക്തമായ ആയുധമാക്കുന്ന C/O സൈറാബാനു വിവിധ തൊഴിലിനായി നാട്ടിലെത്തുന്ന അന്യസംസ്ഥാനക്കാരുടെ തിരിച്ചറിയല്‍ രേഖകളുടെ പാളിച്ചകളിലേക്ക് വിരല്‍ചൂണ്ടുന്നു.ഒരു ചാര്‍ജ്ജ് ഷീറ്റ് കണ്ടാല്‍ പോലും മനസ്സിലാക്കാന്‍ വക്കീല്‍ ഫീസ് നല്‍കേണ്ട അവസ്ഥയ്ക്ക് കാരണമാകുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെയും ചിത്രം ലളിതമായി ചോദ്യം ചെയ്യുന്നുണ്ട്.

നീണ്ട കാലത്തിന് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ അമല അക്കിനേനി സിനിമയുടെ ത്രില്ലര്‍ മൂഡിന് ശക്തിപകര്‍ന്ന്‌ നിറഞ്ഞു നിന്നു.പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ സിനിമയിലെ പഴയകാലത്തെ കൂട്ടിയിണക്കുന്ന ഒരു പ്രധാന കഥാപാത്രമാകുന്നു.സീരിയല്‍താരം ബിജു സോപാനം തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.ഛായാഗ്രാഹകന്‍ അബ്ദുള്‍ റഹീമിന്റെ മികവ് കൊച്ചിയെ കൂടുതല്‍ സുന്ദരമാക്കി.ഉദ്ദ്യേഗജനകമായ കഥ പറഞ്ഞിരിക്കുന്നത് ബിപിന്‍ ചന്ദ്രനും ആര്‍ ജെ ഷാജനും ചേര്‍ന്നാണ്.ഗാനങ്ങള്‍ ചിത്രത്തിന് അല്‍പം വിരസമായതൊഴിച്ചാല്‍ ആന്റണി സോണിയുടെ പ്രഥമ ചിത്രം സാമുഹ്യ പ്രസക്തവും ജനപ്രിയവുമായ മികച്ച സിനിമ തന്നെ.

വര : ഇബ്രാഹിം ബാദുഷ

INDIANEWS24.COM Movies

Leave a Reply