728-pixel-x-90-2-learn
728-pixel-x-90
<< >>

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാം; മുന്‍കൂര്‍ അനുമതി വേണ്ട

തിരുവനന്തപുരം:കൃഷിനാശത്തിന് കാരണമാകുമെന്ന് തോന്നിയാല്‍ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് വെടിവയ്ക്കാന്‍ സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കി.വെടിവെച്ച കാട്ടുപന്നിയെ ജീവനോടെയൊ അല്ലാതെയോ 24 മണിക്കൂറിനകം വനംവകുപ്പ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്.

കൃഷിനാശം കണക്കിലെടുത്ത് കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിന് നിലവിലുണ്ടായിരുന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് വന്നതോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടത്.വെടിവെച്ച കാട്ടുപന്നി കൊല്ലപ്പെട്ടാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച ശേഷം ജഡത്തില്‍ മണ്ണണ്ണയൊഴിച്ച് കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. സംസ്‌കാരത്തിന് വനംവകുപ്പ് നേരിട്ട് നേതൃത്വം നല്‍കുമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.

കൃഷിനാശത്തിനിടയാക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുന്ന രീതിയാണ് നിലനിന്നിരുന്നത്.2012ല്‍ നിലവില്‍ വന്ന ഈ വ്യവസ്ഥയ്‌ക്കെതിരെ കര്‍ഷകരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്.

പുതിയ വ്യവസ്ഥയനുസരിച്ച് കാട്ടുപന്നികളെ വെടിവെയ്ക്കുന്നത് സ്വന്തം കൃഷിയിടത്തില്‍ വച്ചാകണമെന്ന് നിഷ്‌കര്‍ഷയുണ്ട്.കൂടാതെ വേട്ടയാടാനുപയോഗിക്കുന്ന ആയുധം സ്വതന്ത്ര സാക്ഷികള്‍ സഹിതം 24 മണിക്കൂറിനകം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം.മുലയൂട്ടുന്ന പന്നികളെ കൊല്ലാന്‍ പാടില്ല.വെടിവെയ്ക്കാനൊരുങ്ങുമ്പോള്‍ കാട്ടുപന്നി വനത്തിലേക്ക് കയറിയാല്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുന്നതിനും വിലക്കുണ്ട്.കൈയേറിയ വനഭൂമിയില്‍വച്ചും ആക്രണം നടത്താന്‍ പാടില്ല.സംഭവം ഉണ്ടായാല്‍ ഫോറസ്റ്റര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പൊതുജനസാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.

INDIANEWS24 TVPM

Leave a Reply