തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് ചൂട് പിടിച്ച് നില്ക്കുന്ന കേരളത്തില്‍ പത്രിക പിന്‍വലിക്കുന്ന അവസാന ദിവസമായ ശനിയാഴ്ച്ച കഴിയുമ്പോള്‍ തലവേദന കൂടുതല്‍ യു ഡി എഫിന്.തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ഭേദപ്പെട്ട രീതിയില്‍ വിമതര്‍ പിന്മാറാതെ നില്‍ക്കുന്നുണ്ട്.വടക്കന്‍ കേരളത്തില്‍ പലയിടത്തും ലീഗും കോണ്‍ഗ്രസും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സ്ഥിതിവരെയുണ്ട്.
പത്രിക പിന്‍വലിക്കാത്ത റിബലുകളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സി പി എം സംസ്ഥാന ഘടകം താക്കീത് ചെയ്തിരുന്നു.ഇക്കുറി റിബലുകള്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഒരുമ്പെട്ടാല്‍ മുന്‍ തിരഞ്ഞെടുപ്പുകളിലെ പോലെ ക്ഷമ കാണിച്ചെന്നു വരില്ലെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കൂടിയായ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥി മഹേശ്വരന് നായര്‍ക്കെതിരെ മുടവന്മുകളില് വിമതന് മത്സരിക്കുന്നു. വിഴിഞ്ഞത്ത് സിറ്റിങ് കൗണ്‍സിലര്‍ വിമതനായി മത്സരരംഗത്തുണ്ട്.കേരള കോണ്‍ഗ്രസിനു നല്കിയ പട്ടം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നു.കഴക്കൂട്ടത്ത് ജെഡിയുവിനെതിരെ കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു.മറ്റു ചില വാര്‍ഡുകളില്‍ സിറ്റിങ് കൗണ്‍സിലര്‍മാര്‍ പത്രിക നല്‍കിയിരുന്നെങ്കിലും അതു പിന്‍വലിച്ചു.സിപിഎമ്മില്‍ പൗഡികോണത്തും കിണവൂരിലും വിമതര്‍ മത്സരിക്കുന്നു.കൊല്ലത്ത് ലീഗ് മത്സരിക്കുന്ന രണ്ടു കോര്പ്പറേഷന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരെ മത്സരിപ്പിക്കുന്നു.
കൊച്ചി കോര്‍പറേഷനിലേക്ക് 22 ഡിവിഷനുകളില്‍ കോണ്‍ഗ്രസിനു റിബല്‍ സ്ഥാനാര്ഥികളുണ്ടായിരുന്നതില് രണ്ടു പേര് മാത്രമാണു പത്രിക പിന്‍വലിച്ചിട്ടുള്ളത്.പാര്‍ട്ടിയില്‍നിന്നു രാജിവച്ചാണു മിക്ക വിമതരും മത്സരിക്കുന്നത്.പത്രിക പന്വലിക്കാത്തവര്ക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലാണു ഡിസിസി.ഇടുക്കിയില്‍ ജില്ലാ പഞ്ചായത്തിലേക്കു നാമനിര്‍ദേശ പത്രിക നല്കിയ ഏഴു കോണ്‍ഗ്രസ് വിമതരും പത്രിക പിന്‍വലിച്ചു.എന്നാല്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിതി മാറിയില്ല.തൃശൂര്‍ കോര്‍പറേഷനിലേക്ക് കോണ്‍ഗ്രസിന് 20 വിമത സ്ഥാനാര്‍ത്ഥികളാണുള്ളത്.
വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊട്ടിപ്പുറപ്പെട്ട പോര് തിരഞ്ഞെടുപ്പിലേക്കും കൂടുതല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു.കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ മത്സരം കോണ്‍ഗ്രസും ലീഗും തമ്മിലാണ്.മലബാറിലെ 23 പഞ്ചായത്തിലും രൂക്ഷമായ പ്രശ്നമാണ് നിലനില്‍ക്കുന്നത്.കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസിന് തലവേദനയായി നിന്ന 11 വിമതന്മാര് പത്രിക പിന്‍വലിച്ചു.ലീഗ് പ്രവര്‍ത്തകരും പിന്മാറിയിട്ടുണ്ട്.എന്നാല്‍ മലപ്പുറത്തെ സ്ഥിതിഗതികളാണ് രൂക്ഷമായി തുടരുന്നത്.പാലക്കാട് ഇരു മുന്നണിയിലും ഗ്രൂപ്പ് ശല്യം ഇല്ല.
INDIANEWS24.COM Political Desk Kerala