കുവൈറ്റ്സിറ്റി: രാജ്യത്ത് ജോലിക്കും മറ്റുമായി താമസമാക്കിയ വിദേശികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് കുവൈറ്റ് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചു. ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയും സംയുക്തമായാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധന നടത്തുന്നത്. ഈ മാസം അവസാനത്തോടെ നടപടി പ്രാബല്യത്തിലാകും.
വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കുന്നതിനോടനുബന്ധിച്ച് ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കും. സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി നല്കാത്തവരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
തൊഴിലില്‍ പ്രവേശിക്കുമ്പോള്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍നിന്ന് വ്യത്യസ്തമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ കോടതി നിയമനടപടിക്ക് വിധേയമാക്കുന്നതാണ്. ആദ്യഘട്ടം സര്‍വകലാശാല ബിരുദമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. പിന്നീട് എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് ഉറപ്പുവരുത്തും. അതിനുശേഷമേ ഇഖാമ പുതുക്കി നല്‍കുകയുള്ളൂ എന്ന് വക്താവ് വിശദീകരിച്ചു. എന്നാല്‍, നിയമം വിദേശികളെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നും സ്വദേശികള്‍ക്കും ബാധകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോഗ്യരായ തൊഴിലാളികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കുന്നതിനും വൈദഗ്ധ്യം കുറഞ്ഞവരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനുമാണ് സര്‍ക്കാരിന്റെ പുതിയ നടപടി. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ഇത്തരത്തില്‍ ജോലി സമ്പാദിച്ചവര്‍ പ്രോസിക്യൂഷന് നടപടികള്‍ക്ക് വിധേയരാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
INDIANEWS24.COM Gulf Desk