728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിലേക്ക് പറക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി മുംബൈയില്‍ തന്നെ പോകണം

കൊച്ചി:കുവൈറ്റിലേക്ക് പോകുന്നവര്‍ക്ക് ആരോഗ്യക്ഷമത പരിശോധിക്കുന്ന കൊച്ചിയിലെ ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിനാല്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ദുരിതത്തിലായി.കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖദാമത് ഇന്റഗ്രേറ്റഡ് ഏജന്‍സിയാണ് ഇവിടത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുംബൈയിലേക്ക് മാറ്റിയിരിക്കുന്നത്.ഇതിനാല്‍ കുവൈറ്റില്‍ പോകുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധന നടത്തുന്നതിന് മുംബൈയില്‍ പോകേണ്ട അവസ്ഥയാണുള്ളത്.

ഏജന്‍സിയുടെ കൊച്ചിയിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതോടെ നിരവധി മലയാളികള്‍ക്ക് തങ്ങളുടെ കുവൈറ്റ് ജോലിയെന്ന ലക്ഷ്യം ഉപേക്ഷിക്കേണ്ടതായി വരെ വന്നു.ആരോഗ്യ ക്ഷമത പരിശോധനയെന്ന കടമ്പ കടക്കാനാകാതെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ ആയിരക്കണക്കിന് പേര്‍ കഴിഞ്ഞ ഒരു മാസത്തോളമായി ആശങ്കയിലാണ്.

ഖദാമത് ഇന്റഗ്രേറ്റഡ് എന്ന ഏജന്‍സി ആരോഗ്യക്ഷമതാ സര്‍ട്ടിഫിക്കറ്റിനായി കൊച്ചിയില്‍ ഈടാക്കിയ വന്‍ ഫീസിനെതിരെ നിരവധി യുവജനസംഘടനകള്‍ സമരരംഗത്തുണ്ടായിരുന്നു.നിരന്തരമായ സമരങ്ങളുടെ സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് അടച്ചുപൂട്ടുമ്പോള്‍ ഖദാമത് മാധ്യമങ്ങളെ അറിയിച്ചത്.ഒരു പിആര്‍ ഏജന്‍സി മുഖേന പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് എത്തിക്കുകയായിരുന്നു.കൂടുതല്‍ വിശദീകരണത്തിന് തയ്യാറായുമില്ല.

മുമ്പ് കുവൈറ്റില്‍ പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്യാംക എന്ന കൊച്ചിയില്‍ തന്നെയുള്ള ഏജന്‍സി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.ഇവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുവൈറ്റ് സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രയോജനപ്പെടില്ല.

ശരാശരി ഇരുപത്തയ്യായിരം ഉദ്യോഗാര്‍ത്ഥികളാണ് കേരളത്തില്‍നിന്ന് ഒരുവര്‍ഷം കുവൈറ്റിലേക്ക് തൊഴില്‍ തേടിപ്പോകുന്നത്.ഇതില്‍ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കി തൊഴിലിനായിറങ്ങിയവരാണ് ബഹുഭൂരിപക്ഷവും.ഇതില്‍ പലരും വിദ്യാഭ്യാസ ലോണെടുത്ത് പഠനം നടത്തിയവരുമാണ്.മുംബൈയില്‍പോയി ദിവസങ്ങള്‍ ചിലവഴിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മിക്ക ഉദ്യോഗാര്‍ത്ഥികള്‍ക്കും വിനയാകുന്നത്.

INDIANEWS24.COM Kochi

Leave a Reply