728-pixel-x-90-2-learn
728-pixel-x-90
<< >>

കുവൈറ്റിലെ വ്യാജ ഏജന്റുമാരെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി:വിസ തട്ടിപ്പ് നടത്തുന്ന വ്യാജ ഏജന്റുമാര്‍ക്കെതിരെ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളേറ്റെടുത്ത് നിരവധി തട്ടിപ്പുകള്‍ നടത്തുന്നതിനെതിരെ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് എംബസിയുടെ നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്.

തട്ടിപ്പുകളെ കുറിച്ച് വിശദമായ വിവരങ്ങളാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ നല്‍കിയിരിക്കുന്നത്.പണം തട്ടുന്നതിനായി വ്യാജ വെബ്‌സൈറ്റുകളാണ് ഏജന്റുമാര്‍ ഉപയോഗിക്കുന്നത്.എംബസിയുടെ അംഗീകൃത പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ക്ക് സമീപം കറങ്ങിനടക്കുന്ന ഏജന്റുമാരും ഇക്കൂട്ടത്തില്‍ പെടുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റ് മുതല്‍ പാസ്‌പോര്‍ട്ട്,വിസ സേവനങ്ങള്‍ കോക്‌സ് ആന്‍ഡ് കിങ്‌സ് ഗ്ലോബല്‍ സര്‍വീസസിന് പുറംജോലി കരാര്‍ ആയി നല്‍കിയിരിക്കുകയാണ്.ഇവരുടെ ഷര്‍ഖ്,ഫഹാഹീല്‍,അബ്ബാസിയ കേന്ദ്രങ്ങളിലൂടെയാണ് സേവനം നല്‍കുന്നത്.ഈ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമായി നിലയുറപ്പിച്ചിരിക്കുന്ന ചിലര്‍ സേവനങ്ങള്‍ക്കായി കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി ആക്ഷേപമുണ്ട്.

തട്ടിപ്പുമായി ഏജന്റുമാര്‍ വിലസുന്ന അവസരത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഔദ്യോഗിക കേന്ദ്രങ്ങളിലൂടെ മാത്രം വിസ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടണമെന്നും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമുണ്ട്.ഇന്ത്യന്‍ വിസയ്ക്ക് ഓണ്‍ലൈനായി ഫീസ് സ്വീകരിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM

Leave a Reply