jio 800x100
jio 800x100
728-pixel-x-90
<< >>

കുരുന്നുകളുടെ ശബ്ദമായതിന് നോബല്‍ സമ്മാനം തേടിയെത്തിയ കൈലാഷ് സത്യാര്‍ത്ഥി

കൈലാഷ് സത്യാര്‍ത്ഥി ആര് ? നോബല്‍ സമ്മാനം തേടിയെത്തിയ ആറാമത്തെ ഇന്ത്യക്കാരന്‍.അതിലും വലിയ ഒരു ഉത്തരം നിശ്ചയമായും വേണ്ടതല്ലെ.അതും ആറേ ആറ് ഇന്ത്യക്കാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ലോകോത്തര പുരസ്‌കാരത്തിന് അര്‍ഹനാകുമ്പോള്‍, ഉത്തരം ഉണ്ട്. ബാലവേലകളെയും അതിനിരയാക്കപ്പെടുന്ന കുട്ടികളെയും മോചിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ എന്നും ശ്രദ്ധപിടിച്ചുപറ്റുന്ന വിഭവങ്ങളാണ്.ബാലവേലക്കെതിരെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സജ്ജീവമായി രംഗത്തുള്ളയാളാണ് കൈലാഷ് സത്യാര്‍ത്ഥി.ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ബാലാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ബച്പന്‍ ബചാവോ ആന്ദോളന്‍(ബിബിഎ) സംഘടനയുടെ സ്ഥാപകനും അമരക്കാരനും ആണ് ഈ അറുപതുകാരന്‍.

കുട്ടികളുടെ അവകാശത്തിനായി അവരുടെ ശബ്ദമായി വാദിക്കുന്നതിലൂടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സത്യാര്‍ത്ഥി മുന്നോട്ട് വെക്കുന്ന ആശയം.ഒരു കുഞ്ഞ് പിറന്നാല്‍ കുടുംബത്തിന്റെയാകെ നാളത്തെ നല്ല പ്രതീക്ഷയായി എന്തും കൊടുത്തു പോറ്റി വളര്‍ത്തുന്ന ഒരുപാട് കുടുംബങ്ങള്‍ക്കിടയില്‍ ചില കുടുംങ്ങളുണ്ട്.ആസൂത്രിതമായ കുടുംബങ്ങളെന്നുപോലും പറയാത്ത സ്ഥിതിയില്‍ കുറേ കുരുന്നുകള്‍ക്കു ജന്മം നല്‍കുന്ന നിരാലംബരോ അല്ലാത്തതോ ആയവര്‍.ദാരിദ്ര്യത്തിന്റെ അസ്തിവാരം കൊണ്ടോ അനുഭവം കൊണ്ടു ജീവിതത്തോട് തോന്നുന്ന ലാഘവം കൊണ്ടോ അത്തരം ആളുകള്‍ക്ക് കുഞ്ഞുങ്ങള്‍ പുതിയ പ്രതീക്ഷകളല്ല ബാധ്യതയാണ്.നടക്കാനുള്ള പ്രായമാകുമ്പോള്‍ ഒക്കത്തു നിന്നും ഇറക്കി വിടുന്നു,മൃഗങ്ങളെ പോലെ.ഈ കുഞ്ഞുങ്ങള്‍ വിദ്യാഭ്യാസം പോയിട്ട് ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി അലയുന്നതിനിടയിലേക്കാണ് ഇവരുടെ അറിവില്ലായ്മ മുതലാക്കി വേലചെയ്യിച്ച് നേട്ടം കൊയ്യുന്ന നിരവധികളെത്തുന്നത്.ഒരുവശത്ത് ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുമ്പോഴും മറുവശത്ത് ഇത് ഇപ്പോഴും തുടര്‍ന്നുവരികയാണ്.ഇതിനെതിരെ സത്യാര്‍ത്ഥി മുഴക്കിയ ശബ്ദങ്ങള്‍ വലുതായിരുന്നുവെന്ന് ഇന്ത്യക്കാര്‍ പോലും കേട്ടത് നോബല്‍ സമ്മാനം തേടിയെത്തിയപ്പോഴായിരിക്കാം.അതാണ് ആഗോളതലത്തില്‍ എല്ലാവര്‍ക്കു വിദ്യാഭ്യാസം നേടിയെടുക്കണം എന്ന അവകാശവുമായി മുന്നിട്ടിറങ്ങിയ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യുനെസ്‌കോയുടെ കീഴിലുള്ള ഒരു പ്രവര്‍ത്തനകേന്ദ്രത്തില്‍ അംഗമാക്കപ്പെട്ടത്.

കുട്ടികള്‍ക്കുനേരെയുള്ള ചൂഷണങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനായി 1980ല്‍ ആണ് സത്യാര്‍ത്ഥി ബി ബി എ സ്ഥാപിച്ചത്.അന്ന് തുടങ്ങിയ സംഘടനയുടെ നിഴലില്‍ ഇന്ന് എമ്പതിനായിരത്തോളം യുവാക്കളാണ് വിദ്യാഭ്യാസം കൈവരിച്ച് ജീവിതത്തിന്റെ യാതാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെളിച്ചത്തിലേക്ക് വന്നത്.ബിബിഎ യുടെ നേതൃത്വത്തില്‍ ബാല്‍ മിത്ര ഗ്രാം(ബിഎംജി)എന്ന സംരംഭത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.വിദ്യാഭ്യാസത്തില് പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ആളുകളുടെ കുട്ടികളാണ് കൂടുതലായും ബാലവേലക്കിരയാകുന്നത്.ഇതേ തുടര്‍ന്ന് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പണിയിടത്തില്‍ നിന്നും കുട്ടികളെ സ്‌കൂളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാല്‍ മിത്ര ഗ്രാം തുടങ്ങിവച്ചത്.2001 മുതല്‍ ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങളിലെ 356 ഗ്രാമങ്ങളിലെ കുട്ടികളെ ഇത്തരത്തില്‍ മോചിപ്പിക്കാനായിട്ടുണ്ട്.ചില ഗ്രാമങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന ശൈശവ വിവാഹം പോലുള്ളവയ്ക്ക് തടയിടാനും തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു മാധ്യമത്തിന് അനുവദിച്ച കൂടിക്കാഴ്ച്ചയില്‍ കൈലാഷ് സത്യാര്‍ത്ഥി അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടം കൈലാഷിനെ തേടിയെത്തിയതില്‍ സന്തോഷിക്കാം.എന്നാല്‍ അതിനപ്പുറം മറക്കാതിരിക്കേണ്ട ഒരു വസ്തുത കൂടിയുണ്ട് ദിവസവും രാവിലെ സുന്ദരകാഴ്ച്ചയായി നിരവധി കൂട്ടം വിദ്യാര്‍ത്ഥികള്‍ പള്ളിക്കുടങ്ങളിലേക്കെത്തുമ്പോള്‍ അതിന് കഴിയാത്ത, അങ്ങനെ ഒരു സംഭവം ഉണ്ടെന്നു പോലും അറിയാത്ത മറ്റ് നിരവധി കുഞ്ഞുങ്ങള്‍ പണിയിടങ്ങളില്‍ വിയര്‍ത്തൊലിക്കുകയാണെന്ന വസ്തുത.അവര്‍ക്കായി ഒരു വാക്കെങ്കിലും പറയാന്‍ ഏവര്‍ക്കും കൈലാഷ് സത്യാര്‍ത്ഥി വലിയ പ്രചോദനമായിരിക്കുന്നുവെന്നതാണ് നോബല്‍ സമ്മാനത്തിനേക്കാള്‍ തിളക്കമുള്ള വാസ്തവം.

INDIANEWS24.COM INTERNATIONAL DESK

Leave a Reply