728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികള്‍ക്കായുള്ള കേരളത്തിലെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മേയ് 14 മുതല്‍ 20 വരെ

തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി കുട്ടികള്‍ക്കായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.    ഈമാസം 14 മുതല്‍ 20 വരെ തലസ്ഥാനത്ത് നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.സി.എഫ്.എഫ്.കെ) ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
സിനിമയുടെ സാങ്കേതികവശങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക, സിനിമ ആസ്വദിക്കാനുള്ള കഴിവു വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ചലച്ചിത്രമേളയുടെ ലക്ഷ്യം.
കൈരളി, ശ്രീ, നിള, ടാഗോര്‍, കലാഭവന്‍ എന്നിങ്ങനെ തലസ്ഥാനത്തെ അഞ്ച് തീയേറ്ററുകള്‍ ഐ.സി.എഫ്.എഫ്.കെയുടെ ഭാഗമാകുക. ടാഗോര്‍ തീയേറ്ററാണ് പ്രധാന വേദി. ഒരു ദിവസം ഒരു തിയേറ്ററില്‍ നാലു സിനിമകള്‍വീതം പ്രദര്‍ശിപ്പിക്കും. ഏഴു ദിവസങ്ങളിലായി 140 സിനിമകളും ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി വിാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്തവയും മേളയില്‍ പ്രദര്‍ശിപ്പിക്കും.  ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ആദിവാസി മേഖലയിലെയും അനാഥാലയങ്ങളിലെയും കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ലഭിക്കും.
പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററില്‍ എല്ലാ ദിവസവും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വിജയികളുടെയും ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെയും കലാപരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, എക്‌സിബിഷന്‍ എന്നിവയും അരങ്ങേറും. കൈരളി, ടാഗോര്‍ തീയേറ്ററുകളില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ചലച്ചിത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിന് ഒരു സ്ഥിരം വേദിയും ഉണ്ടാകും. ചലച്ചിത്രമേഖലയിലെ പ്രഗല്‍ഭര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ബാല പ്രതിഭകളുടെ സംഗമവും മേളയില്‍ ഒരുക്കും. സിനിമ മനസിലാകുന്ന, ഇഷ്ടപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും മേളയില്‍ പങ്കെടുക്കാം. 17 വയസാണ് ഉയര്‍ന്ന പ്രായപരിധി. ഡെലിഗേറ്റ് പാസിന് 150 രൂപയാണ്. സിനിമ കാണാനിഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്കും പാസ്സിനായി അപേക്ഷിക്കാം. ഡെലിഗേറ്റ് പാസിനായി ംംം.ശരളളസ.രീാ എന്ന വെബ്‌സൈറ്റിലോ ശിശിക്ഷേമസമിതിയുടെ ഓഫീസിലോ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
മേയ് പതിനഞ്ചിന് ഉച്ചയ്ക്ക്  12ന് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ ആദ്യ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ മുകേഷ്, വി.എസ് ശിവകുമാര്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍,  നടന്‍ മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ആദ്യകാല സംവിധായകന്‍ പി.വി ശിവന്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപക്, ചലച്ചിത്ര അകാകദമി സെക്രട്ടറി മഹേഷ് പിഞ്ചു, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply