തിരുവനന്തപുരം:കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ നൽകുന്ന അപേക്ഷയിൽ മതം രേഖപ്പെടുത്താൻ രക്ഷിതാക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ അതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
സാധാരണയായി അപേക്ഷയിൽ മതവും ജാതിയും ചേർക്കാൻ കോളമുണ്ട്.എന്നാൽ അത് ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ “ബാധകമല്ല” എന്ന് എഴുതിയാൽ മതി. “സെക്കുലർ” എന്ന് ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും രേഖപ്പെടുത്താം.ഇതിനായി സ്കൂൾ അധികൃതർ രക്ഷിതാവിൽനിന്ന് പ്രത്യേക സത്യപ്രസ്താവന എഴുതിവാങ്ങേണ്ട ആവശ്യമില്ല.
കുട്ടിയെ ചേർത്ത് കഴിഞ്ഞ് പിന്നീട് എപ്പോൾ വേണമെങ്കിലും കുട്ടിയുടെ മതമോ ജാതിയോ വേണമെന്ന് രക്ഷിതാക്കൾക്കോ വളരുമ്പോൾ കുട്ടിക്ക് തന്നെയോ തോന്നിയാൽ മതവും ജാതിയും ഉൾപ്പെടുത്താൻ കഴിയുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
അപേക്ഷയിലെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ‘സമ്പൂർണ’ വെബ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുമ്പോൾ അവിടെയും ഇതേ സംവിധാനമുണ്ട് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പിൽ പറയുന്നു.
INDIANEWS24 TVPM DESK