728-pixel-x-90-2-learn
728-pixel-x-90
<< >>

കുട്ടികളുടെ ബിനാലെയ്ക്ക് ഷാര്‍ജയില്‍ തുടക്കമായി

ഷാര്‍ജ:രണ്ടാം ബിനാലെയുടെ തുടക്കത്തിനായി കൊച്ചി കാത്തിരിക്കുമ്പോള്‍ ഷാര്‍ജയില്‍ കൊച്ചുകുട്ടികളുടെ ബിനാലെയ്ക്ക് തുടക്കം കുറിച്ചു.ഷാര്‍ജ ആര്‍ട്ട് മ്യൂസിയത്തിലാണ് കുട്ടികളുടെ ബിനാലെ ആരംഭിച്ചിരിക്കുന്നത്.ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഭാര്യയും ഫാമിലി അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സനുമായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

കൊച്ചുമിടുക്കന്‍മാരുടെയും മിടുക്കികളുടെയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ബിനാലെ ഷാര്‍ജ ചില്‍ഡ്രന്‍സ് സെന്റര്‍, ഷാര്‍ജ മ്യൂസിയം എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തിന്റെ ആദ്യ ഘട്ടം ഈ മാസം 31ന് അവസാനിക്കും.തുടര്‍ന്ന് രണ്ടാംഘട്ടം ആരംഭിക്കും.11 അറബ്, അറബിതര രാജ്യങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 550 കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.ആറു മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടേതാണ് ഇവ.ചിത്രങ്ങള്‍, ഫോട്ടോകള്‍, മള്‍ട്ടി മീഡിയ എന്നിവയെ കൂടാതെ ശില്പങ്ങളും കുട്ടിബിനാലെയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.32 ഹാളുകളില്‍ ആറ് വിഭാഗങ്ങളായി തിരിച്ചാണ് പ്രദര്‍ശനം.

വരയ്ക്കുന്നതിന് സംഗീതത്തിന്റെ സാന്നിധ്യം അറിയിക്കുന്നതിനായി ബിനാലെയില്‍ ഒരുക്കിയിരിക്കുന്ന കലാവിരുന്നും കുട്ടികളുടേത് തന്നെയാണ്.സംഗീതം ആസ്വദിക്കുന്ന ഒരു ജനതയുടെ വികാരങ്ങള്‍ കുട്ടികള്‍ വരകളിലൂടെ പ്രതിഫലിപ്പിച്ചത് ഉദ്ഘാടന വേളയില്‍ ശൈഖ ജവാഹര്‍ പ്രത്യേകം പരാമര്‍ശിച്ചു.ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ‘ഗ്ലാസ് ചുമരുകള്‍’ കാന്‍സര്‍ രോഗികള്‍ക്കുള്ള സമര്‍പ്പണം കൂടിയായിരുന്നു.പരിസ്ഥിതിയുടെ പ്രാധാന്യം വിശദമാക്കുന്ന കലാസൃഷ്ടികളും ഒരുക്കിയിട്ടുണ്ട്.

അല്‍ തവാം ആസ്പത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടികളുടെ പങ്കാളിത്തമാണ് ഇപ്രാവശ്യത്തെ ബിനാലെയുടെ പ്രധാന സവിശേഷത. ശാസ്ത്രം, സാഹിത്യം, സംസ്‌കാരം, ചരിത്രം എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന പ്രദര്‍ശനം കാണാന്‍ ഷാര്‍ജയില്‍ കുട്ടികളെ കൂടാതെ രക്ഷിതാക്കളും സാധാരണക്കാരും എത്തുന്നുണ്ട്.ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) ചെയര്‍പേഴ്‌സന്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

INDIANEWS24 GULF DESK

Leave a Reply