ടൊറന്റോ: കുട്ടികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിര്‍മിച്ച് ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കുന്ന രാജ്യന്താരസംഘത്തെ അറസ്റ്റ് ചെയ്തു. കനേഡിയന്‍ പോലീസും ഇന്റര്‍പോളും മൂന്ന് വര്‍ഷമായി നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. 348 പേരെ അറസ്റ്റ് ചെയ്തു. 400ലേറെ കുട്ടികളെ സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തി. അസോവ് ഫിലിംസ് എന്ന അശ്ലീല സൈറ്റ് അടച്ചുപൂട്ടി.
പിടിയിലായവരില്‍ 108 പേര് കാനഡക്കാരും 76 പേര് അമേരിക്കക്കാരുമാണ്. യൂറോപ്പ്, ആഫിക്ക, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്ന് 164 പേര് പിടിയിലായി. അറസ്റ്റിലായവരില്‍ ഒമ്പത് പുരോഹിതന്മാരും ആറു പോലീസ് ഉദ്യോഗസ്ഥരും 40 അധ്യാപകരും മൂന്ന് വളര്‍ത്തു രക്ഷിതാക്കളും ഉള്‍പ്പെടും.
കുട്ടികളെ അശ്ലീല സൈറ്റുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ ഇതേവരെ ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ വേട്ടയാണിതെന്ന് ടൊറന്റോ ഇന്‍സ്പെക്ടര്‍ ജോവാന്ന ബെവന് ഡസ്ജാര്ദിന്സ് പറഞ്ഞു.
ടൊറന്റോ സ്വദേശിയായ ബ്രയാന്‍ വേ എന്ന നാല്പത്തിരണ്ടുകാരന് 2005 മുതല്‍ നടത്തിവരുന്ന അസോവ് ഫിലിംസ് എന്ന സൈറ്റിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റിനെ തകര്‍ത്തതെന്ന് ജോവാന്ന അറിയിച്ചു. അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് അസോവ് ഫിലിംസിലൂടെ സംപ്രേഷണം ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സംഘാംഗങ്ങള്‍ക്ക് ബ്രയാന്‍ നിര്‍ദേശം നല്കി. അസോവ് ഫിലിംസിന്റെ ഓഫീസിലും ബ്രയാന്റെ വീട്ടിലും നടത്തിയ റെയ്ഡില്‍ കുട്ടികളുടെ 350000 നഗ്നചിത്രങ്ങളും പതിനായിരത്തോളം അശ്ലീല വീഡിയോകളും പിടിച്ചെടുത്തു.
വാഷിംഗ്ടണിലുള്ള ഒരു ബേസ്ബോള്‍ പരിശീലകന് മാത്രം അഞ്ഞൂറോളം വീഡിയോകള്‍ നിര്‍മിച്ചതായി പോലീസ് പറഞ്ഞു. ജോര്‍ജിയയിലുള്ള ഒരു സ്കൂള്‍ ജീവനക്കാരന് വിദ്യാര്‍ത്ഥികളുടെ ടോയ് ലറ്റില്‍ രഹസ്യക്യാമറ പിടിപ്പിച്ച് ഷൂട്ട് ചെയ്ത നിരവധി വീഡിയോകളും പിടിച്ചെടുത്തവയില്‍ ഉണ്ട്.