jio 800x100
jio 800x100
728-pixel-x-90
<< >>

കുടുംബ സ്വത്ത് ക്രയവിക്രയം: നികുതി വര്‍ദ്ധന ഓര്‍ഡിനന്‍സിനെതിരെ ധനവകുപ്പ്‌

തിരുവനന്തപുരം:കുടുംബ സ്വത്തുക്കള്‍ ഭാഗം വെക്കുന്നതിന് വരെ വലിയതോതില്‍ ചെലവ് വരുന്ന തരത്തില്‍ നികുതി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരായ നിലപാടില്‍ ധനവകുപ്പ് ഉറച്ചുതന്നെ.കുടുംബങ്ങള്‍ക്കിടയിലെ ഭൂമി ക്രയവിക്രയം നടത്തുന്നതിനുണ്ടായിരുന്ന പരിധി എടുത്തു കളഞ്ഞ തീരുമാനം പുനപരിശോധിക്കണമെന്നാണ് ധനമന്ത്രിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസി(എം)ന്റെയും അഭിപ്രായം.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് വന്നതോടെയാണ് വീണ്ടും എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.

ധനവകുപ്പിന്റെ നിലപാടിന് പുറമെ വകുപ്പ് മന്ത്രി കെ എം മാണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രയുമായി കൂടിക്കാഴ്ച്ച നടത്തിയ കേരള കോണ്‍ഗ്രസ് സംഘം ഇക്കാര്യം ഗൗരവത്തോടെ അറിയിക്കുകയും ചെയ്തിരുന്നു.2011ല്‍ ഈ സര്‍ക്കാര്‍ തന്നെ അധികാരത്തിലേറ്റപ്പോള്‍ കൊണ്ടുവന്ന നികുതി പരിധിയാണ് ഒരുമാസം മുമ്പ് എടുത്തു കളഞ്ഞത്.സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായിരുന്നു ഇത്.

ഓരോ നൂറ് രൂപയ്ക്കും രണ്ടര രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് രൂപ രജിസ്‌ട്രേഷന്‍ ഫീസുമാണ് ചുമത്തിയിരുന്നത്.മൊത്തം 4.5 ശതമാനം നികുതി.മാണി ധനമന്ത്രിയായതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ഭൂമി ക്രയവിക്രയം നടത്തുന്നതിന് നാമമാത്ര നികുതി ഈടാക്കുന്നത തരത്തില്‍ ഇളവ് വരുത്തിയിരുന്നു.മാതാപിതാക്കള്‍ മക്കള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കുമ്പോഴും സഹോദരങ്ങള്‍ ഭൂമി ഭാഗംവെച്ചെടുക്കുമ്പോഴും സാമ്പത്തിക കൈമാറ്റം ഉണ്ടാകാറില്ല.ഈ സാഹചര്യത്തില്‍ സാധാരണ വസ്തു ഇടപാടിന് തുല്യമായ നികുതി ഈടാക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് ഭാഗ ഉടമ്പടിക്കു സ്റ്റാംപ് ഡ്യൂട്ടി ഒരു ശതമാനം, അല്ലെങ്കില്‍ പരമാവധി 1000 രൂപയായും റജിസ്‌ട്രേഷന്‍ ഫീസ് ഒരു ശതമാനം, അല്ലെങ്കില്‍ പരമാവധി 25,000 രൂപയായും നിശ്ചയിച്ചു. ധനനിശ്ചയം, ഇഷ്ടദാനം, ഒഴിമുറി എന്നിവയ്ക്കു സ്റ്റാംപ് ഡ്യൂട്ടി 2% (പരമാവധി ആയിരം), റജിസ്‌ട്രേഷന്‍ ഫീസ് 1% (25000 പരമാവധി) ആയും കുറവു വന്നു. അതായത്, ഭാഗ ഉടമ്പടിക്കു 4.5% എന്നതു 2% ആയും മറ്റു മൂന്ന് ഇടപാടുകള്‍ക്കും 3% ആയും ഇളവ്. ഒരു ലക്ഷം രൂപയുടെ ഭാഗ ഉടമ്പടിക്കു നേരത്തെ 4500 രൂപയായിരുന്നതു 2000 ആയി കുറഞ്ഞു.അതിനൊപ്പം പരിധി നിശ്ചയിക്കുകയും ചെയ്തത് വലിയ ആശ്വാസമായിരുന്നു.

ഇപ്രകാരമാണെങ്കില്‍ ഒരു കോടിയുടെ ഭാഗ ഉടമ്പടിക്ക് സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ പരമാവധി ആയിരം രൂപ ഒടുക്കിയാല്‍ മതിയായിരുന്നു. റജിസ്‌ട്രേഷന്‍ ഫീസായി പരമാവധി 25000 രൂപയും.പരിധി എടുത്തുകളഞ്ഞതോടെ ഇത് ലക്ഷങ്ങളിലേക്ക് നീണ്ടു.സര്‍ക്കാരിന്‍ര പുതിയ തീരുമാനമനുസരിച്ച് ഒരു കോടി രൂപയുടെ ക്രയവിക്രയത്തിന് ആയിരം രൂപയുടെ സ്ഥാനത്ത് സ്റ്റാംപ് ഡ്യൂട്ടി ഒരു ലക്ഷമാകും,റജിസ്‌ട്രേഷന്‍ ഇനത്തില്‍ പിന്നെയും ഒരു ലക്ഷം.ധനനിശ്ചയം, ഇഷ്ടദാനം, ഒഴിമുറി എന്നിവയ്ക്കാണെങ്കില്‍ വീണ്ടും ഒരു ലക്ഷം കൂടി കൂടും.

മന്ത്രിസഭാ തീരുമാനം വന്നപ്പോള്‍ തന്നെ ധനമന്ത്രി ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതാണ്.എന്നാല്‍ നികുതി പരിധി എടുത്തുകളഞ്ഞുള്ള ഓര്‍ഡിനന്‍സും പുറത്തിറങ്ങിയതോടെ വീണ്ടും മുഖ്യമന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിക്കുകയായിരുന്നു

INDIANEWS24.COM TVPM

Leave a Reply