jio 800x100
jio 800x100
728-pixel-x-90
<< >>

കാസര്‍കോട് ജില്ല ഇനി മുളയുടെ തലസ്ഥാനം.

കാസര്‍കോട്: മുളയുടെ തലസ്ഥാനമാവാന്‍ കാസര്‍കോട് ജില്ലയൊരുങ്ങുന്നു. മുളങ്കാടുകള്‍ കൊണ്ട് ഹരിതകേന്ദ്രമാക്കി മാറ്റുന്നതിനും ജില്ലയില്‍ തൊഴില്‍ സംരംഭകത്വം ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതിയി നടപ്പിലാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന ‘ബാംബൂ ഹബ്ബാ’യി ജില്ല ഉയരും. പ്രകൃതിയേയും മുളകളെയും ഏറെ സ്‌നേഹിക്കുന്ന കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവിന്റെ ആശയത്തില്‍ നിന്നാണ് ഈ പദ്ധതി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്‌സറികള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നല്‍കി. മുളംതൈകള്‍ നട്ടുപിടിപ്പിച്ച് തുടര്‍ന്ന് മൂന്നുമാസക്കാലം കൃത്യമായ പരിചരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പാക്കും.കൃഷി വകുപ്പാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായവും നിര്‍ദേശങ്ങളും ലഭ്യമാക്കുന്നത്. മുളംകൃഷിക്കാവശ്യമായ ജൈവവളം, ജൈവമാലിന്യ ശേഖരണത്തിലൂടെ ശുചിത്വമിഷന്റെ കീഴിലുള്ള ഹരിത കര്‍മസേനയായിരിക്കും സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകളില്‍ ഇതിനാവശ്യമായ കമ്പോസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.
ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഒറ്റദിവസം കൊണ്ട് മൂന്നുലക്ഷം തൈകള്‍ നട്ട് പദ്ധതി ആരംഭിച്ചു . ചീമേനി തുറന്ന ജയിലിലും കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്. സാമൂഹിക വനവത്കരണ വിഭാഗം 60,000 മുളംതൈകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറും. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ ലഭ്യമാക്കുന്ന വിത്തുകളുപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിപ്രകാരം ഓരോ വാര്‍ഡിലും നഴ്‌സറികള്‍ സ്ഥാപിച്ച് ബാക്കി ആവശ്യമുള്ള 2,40,000 മുളംതൈകള്‍ തയ്യാറാക്കും.
മുളംതൈകള്‍ വളരുന്ന ഘട്ടത്തിലെ ഓരോ ഇടവേളയില്‍ കിണറുകളും കുഴല്‍ക്കിണറുകളും മറ്റും പരിശോധിച്ച് ജലനിരപ്പില്‍ വരുന്ന വ്യത്യാസങ്ങള്‍ നിരീക്ഷിച്ച് ഭൂഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. കാതല്‍ കൂടുതലുള്ള ‘കല്ലന്‍ മുള’യാണ് പദ്ധതിക്കുവേണ്ടി ഉപയോഗിക്കുന്നത്. മൂന്നുലക്ഷം മുളകള്‍ ഏകദേശം 66 ലക്ഷം കിലോഗ്രാം ജൈവാംശം ഒരുവര്‍ഷം മണ്ണില്‍ നിക്ഷേപിക്കും. ഇത് ചെങ്കല്‍മണ്ണിനെ ഫലപുഷ്ടിയുള്ള മണ്ണാക്കിമാറ്റും. ഇപ്രകാരം ഏകദേശം 37,500 ഏക്കറില്‍ പുതുതായി കൃഷി തുടങ്ങാനും പദ്ധതിയുണ്ട്.വിളവെടുക്കുന്ന മുളകള്‍ സംസ്‌കരിച്ച് വിവിധങ്ങളായ ഉത്പന്നങ്ങളുണ്ടാക്കാനായി ജില്ലയില്‍ ചെറുകിട-വന്‍കിട സംരംഭങ്ങള്‍ തുടങ്ങുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി.കെ.ദിലീപ് പറഞ്ഞു. കൊറഗ വിഭാഗത്തിന് മുളകൊണ്ടുള്ള കരകൗശല നിര്‍മാണങ്ങള്‍ക്കായി പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബാംബു ക്യാപിറ്റല്‍ പദ്ധതി’യില്‍ വ്യക്തികള്‍ക്കും പങ്കാളിയാകാം. നിങ്ങളുടെ ഒഴിഞ്ഞ പറമ്പുകളില്‍ മുളകള്‍ക്കുവേണ്ട കുഴികള്‍ നിര്‍മിക്കുന്നത് മുതല്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതും പിന്നീട് മൂന്നുമാസത്തോളമുള്ള പരിപാലനവും തൊഴിലുറപ്പുതൊഴിലാളികള്‍ സൗജന്യമായി ചെയ്തുതരും. ഇതില്‍ നിന്ന് ലഭിക്കുന്ന മുള, സ്ഥലം വിട്ടുനല്‍കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്കുതന്നെ വാണിജ്യാവശ്യത്തിനെടുക്കാം.d sajithbamboo2

Leave a Reply