കാഴ്ചയുടെ തളിര്വസന്തവുമായെത്തുന്ന അന്താരാഷ്ട്ര ബാല ചലച്ചിത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പണ്ട് കുട്ടികള്‍ അഭിനയിച്ച സിനിമകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സിനിമയുടെ എല്ലാ തുറകളിലും കുട്ടികള്‍ നേതൃത്വം നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന ശിശുക്ഷേമതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് ഫോണിലും ഐപാഡിലും ദൃശ്യങ്ങള്‍ കണ്ടാണ് കുട്ടികള്‍ വളരുന്നത്. കുട്ടികളുടെ ചലച്ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന മേളകളിലൂടെ കൂടുതല്‍ പ്രതിഭകള്‍ക്ക് ശോഭിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. കുട്ടികളുടെ പ്രധാനമന്ത്രി അഭിനവമി രാഗ് എസ്.എസ് ഫെസ്റ്റിവല്‍ സന്ദേശം നല്കി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍, സുധീര്‍ കരമന, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ സ്വാതി പാണ്ഡേ, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ബീനാ പോള്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ആസാമീ സംവിധായകന് ഉത്തര്പൂര് പൂജാരി, മോണിക്കാ വാഹി, മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ മസ്റ്റര്‍ അഭിനന്ദ് . എ, മികച്ച ബാലനടി നക്ഷത്ര മനോജ്, മാസ്റ്റര്‍ ചന്ദ്രകിരണ്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക് സ്വാഗതവും ട്രഷറര്‍ ജി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി, സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, ചില്ഡ്രന്സ്ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് സംസ്ഥാന ശിശുക്ഷേമസമിതി മേള നടത്തുന്നത്.
കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം സിനിമ കണ്ടിരുന്ന രീതി പൊളിച്ചെഴുതി, കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും അധ്യാപകരും സിനിമയ്ക്കെത്തുന്ന കാഴ്ചയുമായി ആദ്യത്തെ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിന് ഇതോടെ തുടക്കമായി. തലസ്ഥാന നഗരത്തിലെ കൈരളി, നിള, ശ്രീ, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലായി ഒരാഴ്ചയാണ് മേള. സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും മേളയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള താമസസൗകര്യവും ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഉതകുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് ഈ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ ആകര്‍ഷണം.

ഇന്നലെ രാവിലെ ഇറാനിയന്‍ സംവിധായകന് മജീദി മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കൈരളി തിയേറ്ററില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. ഇതുവരെ സിനിമ തിയേറ്ററില്‍ കണ്ടിട്ടില്ലാത്ത ആദിവാസി ഊരുകളില്‍ നിന്നുള്ള കുട്ടികള്‍ ചിത്രം കണ്ട് ആഹ്ലാദത്തോടെയാണ് പുറത്തിറങ്ങിയത്. ക്രിസ് കൊളമ്പസിന്റെ ഹോം എലോണും കുട്ടിപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായി. വയനാട്, തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാര്‍, പത്തനംതിട്ടയിലെ നാറാണമൂഴി എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള ആദിവാസിവിദ്യാര്ത്ഥികളും സംസ്ഥാനത്തെ നിരവധി അനാഥാലയങ്ങളില്‍ നിന്നുള്ള കുട്ടികളും അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികളും പങ്കെടുത്തു. തൈക്കാട് സംഗീത കോളജിലാണ് കുട്ടികള്‍ക്കും ഒപ്പമുള്ളവര്‍ക്കും ഭക്ഷണം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിലേക്കും ഭക്ഷണശാലയിലേക്കും പോകാന്‍ സൗജന്യ ഓട്ടോ സര്‍വ്വീസും സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്.

കൈരളി, ശ്രീ,നിള, ടാഗോര്‍ തിയേറ്ററുകളിലായിരുന്നു ഇന്നലെ പ്രദര്‍ശനം. ഇന്ന് കലാഭവനിലും ഷോ ഉണ്ടായിരിക്കും. ദിവസവും നാല് ഷോയാണ് കളിക്കുന്നത്. രാവിലെ 9.15, 11.15, ഉച്ചയ്ക്ക് 2.15, വൈകുന്നേരം 6.15 എന്നിങ്ങിനെയാണ് ഷോ ടൈം. കുട്ടികളും രക്ഷിതാക്കളുമടക്കം ഏഴായിരത്തോളം പേരാണ് കാഴ്ചയുടെ വസന്തം കാണാന്‍ എത്തിയിരിക്കുന്നത്. കുട്ടികളുടെ 140 ചിത്രങ്ങളും ഇരുന്നൂറോളം ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അന്താരാഷട്ര വിഭാഗത്തില്‍ 23 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഓസ്ക്കാര്‍ നോമിനേഷന് ലഭിച്ച ഐറിഷ് ചിത്രം സോങ് ഓഫ് ദ സീ, പോര്‍ച്ചുഗല്‍ സിനിമ ദി ബോയ് ആന്‍ഡ് ദ വേള്‍ഡ്, മുഹമ്മദ് അലി തലേബി സംവിധാനം ചെയ്ത പേര്‍ഷ്യന്‍ സിനിമയായ ഗൗള്‍ എന്നിവ അന്താരാഷ്ട്ര വിഭാഗത്തിലാണ് കാണിക്കുക.
INDIANEWS24 TVM DESK