728-pixel-x-90-2-learn
728-pixel-x-90
<< >>

കാല്‍ നൂറ്റാണ്ട് കാലം അവധിയില്‍; കേന്ദ്ര പൊതുമരാമത്ത് എന്‍ജിനീയറെ മന്ത്രി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി:കേന്ദ്ര സര്‍വീസില്‍ നിന്നും കാല്‍ നൂറ്റാണ്ടുകാലം അവധിയെടുത്തയാളെ പിരിച്ചുവിട്ടു.കേന്ദ്ര പൊതുമരാമത്തില്‍ എന്‍ജിനീയറായിരുന്ന എ കെ വെര്‍മ്മ എന്നയാളെയാണ് കാരണം കാണിക്കാതെയുള്ള ദീര്‍ഘകാല അവധിയെ തുടര്‍ന്ന് പിരിച്ചുവിട്ടത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര നഗര വികസന മന്ത്രി എം വെങ്കയ്യ നായിഡു നേരിട്ടാണ് നടപടി കൈക്കൊണ്ടത്.

കേന്ദ്ര പൊതുമരാമത്തിന് കീഴിലുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍) തസ്തികയില്‍ നിന്നും അവധിയെടുത്തിരിക്കുന്ന എ കെ വെര്‍മ്മയുടെ നടപടി ദൂഷ്യത്തെ തുടര്‍ന്ന് പെട്ടെന്നായിരുന്നു പിരിച്ചുവിടല്‍.1980ല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായാണ് വെര്‍മ്മ ജോലിയില്‍ പ്രവേശിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചിരിക്കെ 1990ല്‍ ഇയാള്‍ അവധിയില്‍ പ്രവേശിച്ചു.അതിനു ശേഷം ജോലിചെയ്തിരുന്ന ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല.1992ല്‍ അവധി നീട്ടി നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.എന്നാല്‍ ഇതില്‍ യാതൊരു പ്രതികരണവുമില്ലാതെ അവധി തുടര്‍ന്നുകൊണ്ടിരുന്നു.

അവധി തുടരുന്നതിലുള്ള കാരണം അന്വേഷിച്ച അധികൃതരുമായി വെര്‍മ്മ സഹകരിക്കാതെ വന്നതോടെ ഇതുസംബന്ധിച്ച നടപടികളെല്ലാം തടസ്സപ്പെട്ടു.തുടര്‍ന്ന് 2005ല്‍ അനുവാദമില്ലാത്ത അവധിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.തുടര്‍ന്ന് 2007 ജൂലൈയില്‍ വെര്‍മ്മയുടെ അവധി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ നഗരവികസന മന്ത്രിക്ക് സമര്‍പ്പിച്ചു.എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും വരെ ഇതു സംബന്ധിച്ച് യാതൊരു നീക്കവും ഉണ്ടായില്ല.

ഈ വര്‍ഷം ആദ്യം നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ഇറക്കിയ പ്രസ്താവനയില്‍ റോഡുകളും ടാപ്പുകളും അടക്കമുള്ള പൊതുസ്വത്തുക്കളുടെ കാര്യത്തിലെല്ലാം വളരെ വേഗം നടപടിയെടുത്ത് ക്രിയാത്മകമാക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റിനെ അടിമുടി ഉടച്ചുവാര്‍ക്കുമെന്നു അറിയിച്ചിരുന്നു.ഇതിനായി മെയിന്റനന്‍സ് ചാര്‍ട്ടര്‍ പുറപ്പെടുവിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് 25 കൊല്ലം അവധിയില്‍ പ്രവേശിച്ചിട്ടുള്ള ഉദ്യോഗസ്ഥനെ മന്ത്രി നേരിട്ടു പിരിച്ചുവിട്ടത്.

INDIANEWS24 NEWDELHI

Leave a Reply