728-pixel-x-90-2-learn
728-pixel-x-90
<< >>

കാരാട്ടിനെ വെട്ടിലാക്കി രാജിസന്നദ്ധതയുമായി യെച്ചൂരിയും ബേബിയും

ന്യൂഡല്‍ഹി: പിബി അംഗത്വം രാജിവെക്കാമെന്ന് സീതാറാം യെച്ചൂരി; കൊല്ലത്തെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് എം എ ബേബി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഏറ്റ പരാജയം വിലയിരുത്താന്‍ വെള്ളിയാഴ്ച കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇരുനേതാക്കളുടെയും രാജിസന്നദ്ധത ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ ലക്ഷ്യമിട്ട്.

ഇരുവരുടെയും രാജിസന്നദ്ധത പിബി യോഗം തള്ളി. പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ചേരാനിരിക്കെ കാരാട്ട്‌ ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്നും ധാരണയായി. പക്ഷെ, ഇന്നത്തെ യോഗത്തില്‍ യെച്ചൂരിപക്ഷം നടത്തിയ നീക്കം തന്ത്രപരമായി വിജയം കണ്ടു.

വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ ഭരണഘടന പ്രകാരം കാരാട്ട് സ്ഥാനമൊഴിഞ്ഞേ പറ്റൂ. അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത യേച്ചൂരിക്കാണ് സാധ്യത. എന്നാല്‍ ഈ അധികാരക്കൈമാറ്റം സ്വാഭാവികപ്രക്രിയ ആകരുതെന്ന് യെചൂരിക്ക് ആഗ്രഹമുണ്ട്. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കാരാട്ടിനെതിരായുള്ള കുറ്റവിചാരണയാക്കാനാണ് യെച്ചൂരിയും കൂട്ടരും ആഗ്രഹിക്കുന്നത്. അതിനുള്ള മുന്നൊരുക്കമായിരുന്നു പിബി യോഗത്തിലെ രാജിസന്നദ്ധത.

കേരളത്തിലെ സിപിഎം നേതൃത്വത്തില്‍ ഉള്ള ഭിന്നതയും ഇന്നത്തെ യോഗത്തില്‍ മറനീക്കി പുറത്തുവന്നു. ബേബി യെച്ചൂരിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള മറ്റ് രണ്ട് പിബി അംഗങ്ങളായ പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും പിന്തുണ കാരാട്ടിനായിരുന്നു.

പിബി യോഗത്തിന് പിന്നാലെ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ കാരാട്ടിനെതിരെ കടുത്ത ആക്രമണമുണ്ടാകുമെന്നാണ് സൂചന. അതേസമയം, തങ്ങളുടെ നീക്കങ്ങള്‍ പരസ്യമാക്കേണ്ട എന്ന നിലപാടിലാണ് യെച്ചൂരി പക്ഷം. നേതൃമാറ്റം ഉണ്ടാകില്ലെന്ന് യെച്ചൂരിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വി എസ് പ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Leave a Reply