jio 800x100
jio 800x100
728-pixel-x-90
<< >>

കാരാട്ടിനെതിരെ പടയൊരുക്കം ; കേരളത്തിലും സമവാക്യങ്ങള്‍ മാറും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദാരുണപരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെതിരെ പടയൊരുക്കം. ഇതിന്‍റെ അലയൊലികള്‍ കേരളത്തിലും ഉണ്ടാകുമെന്നാണ് സൂചന. എം എ ബേബിയുടെ നേതൃത്വത്തില്‍ ‘കണ്ണൂര്‍ ലോബി’ക്കെതിരായ കൂട്ടായ്മയ്ക്ക് സംസ്ഥാനത്ത് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് കാരാട്ടിനെതിരായ നീക്കം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ പിബി അംഗത്വം രാജിവെക്കാന്‍ സന്നദ്ധനാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ യെച്ചൂരി പറഞ്ഞത് കാരാട്ടിനെതിരായ ആദ്യവെടി ആയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കാരാട്ട് തയ്യാറാകാതിരുന്ന സാഹചര്യത്തിലായിരുന്നു യെച്ചൂരിയുടെ ഈ നീക്കം.

കോണ്‍ഗ്രസിന് ഏറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഭംഗിവാക്ക് ആയിട്ടാണെങ്കിലും അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഏറ്റെടുത്തിരുന്നു. സിപിഎമ്മിന് കൂട്ടായ നേതൃത്വം ആണെന്ന ന്യായീകരണം കാരാട്ടിനുണ്ട്‌. പക്ഷേ, സമീപകാലത്ത് സിപിഎമ്മിന് ഏറ്റ തിരിച്ചടികള്‍ പലതും കാരാട്ടിന്‍റെ മര്‍ക്കടമുഷ്ടിയും വാശിയും കാരണം ഉണ്ടായതാണെന്ന് കരുതുന്നവരാണ് പിബി അംഗങ്ങളില്‍ വലിയൊരു ഭാഗം. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്, ബംഗാളിലെ വന്‍തിരിച്ചടി നേരത്തെ മനസിലാക്കാനും പ്രതിരോധിക്കാനും പോയത്, കേരളത്തില്‍ കൂടുതല്‍ ജനപ്രിയനായ വി എസ് അച്യുതാനന്ദനെതിരെ തുടര്‍ച്ചയായ നടപടികള്‍ എടുത്തത് ഇവ കാരാട്ടിന്‍റെ കടുംപിടിത്തങ്ങള്‍ കാരണം സംഭവിച്ചതാണെന്ന് മുതിര്‍ന്ന പിബി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2004ലെ തെരഞ്ഞെടുപ്പില്‍ 43 സീറ്റുമായി മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു സിപിഎം. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 9 സീറ്റായി ചുരുങ്ങി. ഇനിയും ചട്ടപ്പടി ചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ അടുത്ത തെരഞ്ഞെടുപ്പോടെ പാര്‍ട്ടി അപ്രസക്തമാകുമെന്ന് മുതിര്‍ന്ന നേതാക്കളില്‍ പലരും കരുതുന്നു.

സിപിഎമ്മില്‍ പാര്‍ട്ടി ഭാരവാഹികളുടെ ടേം മൂന്ന് തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ ജനറല്‍സെക്രട്ടറി സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ്‌ കാരാട്ട് മാറേണ്ടിവരും. അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് യെചൂരിക്ക് തന്നെയാണ് മുന്‍ഗണന. എന്നാല്‍, താന്‍ സെക്രട്ടറി ആകുന്നത് സ്വാഭാവികമായ ഒരു കാര്യമായി വരുന്നത് യെച്ചൂരി ഇഷ്ടപ്പെടുന്നില്ല. നിലവിലെ സ്ഥിതിയില്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് സാഹസികമാണെന്ന് യെച്ചൂരി കരുതുന്നു. അതുകൊണ്ടുതന്നെ താന്‍ സെക്രട്ടറി ആകുന്നതിന് മുമ്പ് പാര്‍ട്ടി ശുദ്ധീകരണം തുടങ്ങിയെന്ന് പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. കഴിയുമെങ്കില്‍ കാരാട്ടിനെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് മാറ്റുക, അല്ലെങ്കില്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കാരാട്ടിനെതിരായ വിചാരണയാക്കി മാറ്റുക എന്നതാണ് യെച്ചൂരി ഉദ്ദേശിക്കുന്നത്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റും ജയിച്ച ത്രിപുരയില്‍ മാത്രമാണ് സിപിഎം തലയുയര്‍ത്തിനിന്നത്. അവിടത്തെ മുഖ്യമന്ത്രിയും പിബി അംഗവുമായ മണിക്ക് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ യെച്ചൂരിയുടെ നീക്കത്തിനുണ്ട്.

ദേശീയതലത്തിലെ സംഭവവികാസങ്ങള്‍ കേരളത്തിലും അനുരണനങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. കുണ്ടറ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് എം എ ബേബി പോളിറ്റ്‌ ബ്യൂറോയിലും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിലും ആവശ്യപ്പെട്ടത് ഇതിന്‍റെ ചുവടുപിടിച്ചാണ്.

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബേബി സ്ഥിരീകരിക്കുകയും ചെയ്തു. കൊല്ലത്ത് തന്‍റെ തോല്‍വിക്ക് പ്രേമചന്ദ്രനെതിരായ പിണറായി വിജയന്‍റെ ‘പരനാറി’ പ്രയോഗം കാരണമായില്ലെന്ന് പറയുമ്പോള്‍തന്നെ പാര്‍ട്ടി നേതാക്കളും അണികളും പെരുമാറ്റത്തിലും വര്‍ത്തമാനത്തിലും മാറ്റം വരുത്തേണ്ടതുണ്ട് എന്ന് ബേബി ഈ അഭിമുഖത്തില്‍ പറയുന്നു. ഗൌരവം മുഖമുദ്രയാക്കിയ മുതിര്‍ന്ന നേതാക്കളെ ഇതില്‍നിന്ന് മാറ്റാന്‍ പറ്റുമോ എന്ന് നോക്കണമെന്ന് ബേബി പറയുമ്പോള്‍ ഉദ്ദേശം വ്യക്തം.

എന്തായാലും വി എസ് അച്യുതാനന്ദനെപ്പോലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായ യുദ്ധമല്ല ബേബി ഉദ്ദേശിക്കുന്നത്. ദേശീയപാര്‍ട്ടിയില്‍ സംഭവിക്കുന്ന പുതിയ ധ്രുവീകരണങ്ങള്‍ക്ക് ഒപ്പം നിന്ന് സംസ്ഥാനപാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് ബേബിയുടെ ലക്ഷ്യം. വി എസ് അച്യുതാനന്ദന്‍റെ പരോക്ഷ പിന്തുണ ബേബിക്കുണ്ട്. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി എസ് പക്ഷക്കാര്‍ക്ക് പുറമേ തോമസ്‌ ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുടെ പിന്തുണയും ബേബിക്ക് ഉണ്ട്. ദേശീയതലത്തില്‍ പുതിയ ധ്രുവീകരണം സംഭവിച്ചാല്‍ കണ്ണൂരില്‍ നിന്ന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായി വിജയനെ കൈവിട്ട് പുതിയ ചേരിയില്‍ ചേരുമെന്നാണ് ബേബി പക്ഷം പ്രതീക്ഷിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിന് ജയിച്ച് മുഖം രക്ഷിച്ച കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാനസമിതി അംഗം എം വി ജയരാജന്‍ എന്നിവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

SPECIAL CORRESPONDENT NEW DELHI

Leave a Reply