728-pixel-x-90-2-learn
728-pixel-x-90
<< >>

അവിവാഹിതര്‍ക്ക് ഒരുമിച്ച് താമസിക്കാം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ദമ്പതികളല്ലാത്ത സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതു കുറ്റമോ പാപമോ അല്ലെന്നു ഇന്ത്യന്‍ സുപ്രീം കോടതി. ഇത്തരം ബന്ധങ്ങളിലേര്‍പ്പെടുന്ന സ്ത്രീയുടെയും അതിലുണ്ടാകുന്ന കുട്ടികളുടെയും സംരക്ഷണത്തിനു പാര്‍ലമെന്‍റ് നിയമം കൊണ്ടുവരണമെന്നും കോടതി അഭിപ്രായപ്പെട്ടു. ‘വിവാഹത്തിന്‍റെ മാതൃകയിലുള്ള ബന്ധം എന്ന പദപ്രയോഗത്തില്‍ ഒരുമിച്ചുതാമസിക്കലിനെ കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ബെഞ്ച് രൂപംനല്‍കി.
ദമ്പതികള്‍ അല്ലാത്ത പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുന്നത് പൊതുവേ ഇന്ത്യയില്‍ സാമൂഹ്യമായി അംഗീകരിക്കപ്പെടുന്നില്ല എന്നത് ശരിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. പക്ഷേ ഇത് നിയമവിരുദ്ധമല്ല. വിവാഹം കഴിക്കണമോ വേണ്ടയോ മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമോ എന്നതൊക്കെ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ഇത്തരം ബന്ധങ്ങളെ ഇപ്പോള്‍ പല രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പക്ഷേ, ഇത്തരം ബന്ധങ്ങള്‍ തകര്‍ന്നാല്‍ അതിന്‍റെ ദുരിതം ഏറെയും അനുഭവിക്കേണ്ടിവരുന്നത് സ്ത്രീയും ആ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികളുമാണ്. നിലവില്‍ അവര്‍ക്ക് നിയമപ്രകാരം സംരക്ഷണം ലഭിക്കില്ല. ഈ വസ്തുത കണക്കിലെടുത്താണ് നിയമനിര്‍മാണം നടത്തുകയോ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ആയിരിക്കരുത് നിയമനിര്‍മ്മാണമെന്നും കോടതി പറഞ്ഞു.
വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നവര്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കുന്നതിന് എട്ട് മാര്‍ഗനിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരുമിച്ച് താമസിച്ചിട്ടുള്ള കാലം, ഒരേ വീട്ടില്‍ താമസിക്കുക, സാമ്പത്തികമായ പരസ്പര സഹകരണം, ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുക, കേവല ലൈംഗിക സംതൃപ്തിക്ക് വേണ്ടി മാത്രമല്ലാത്ത ശാരീരികബന്ധം, ഈ ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടാകുക, ഇരുവരും സമൂഹവുമായി ഇടപെട്ടു കഴിയുക, രണ്ട് പേരുടെയും പൊതുവായ ഉദ്ദേശ്യം എന്നിവ ഇത്തരം ബന്ധത്തെ നിര്‍വചിക്കാന്‍ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
വിവാഹിതനായ ഒരാളുമായി 18 വര്‍ഷം ഒപ്പം കഴിഞ്ഞ സ്ത്രീ ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ഏറെ ചര്‍ച്ച നിര്‍ണായകമായ ഈ പരാമര്‍ശം കോടതി നടത്തിയത്. സ്ത്രീക്ക് പ്രതിമാസം 18000 രൂപ ചെലവിന് നല്‍കാന്‍ കീഴ്ക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് തള്ളി. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ്‌ പാര്‍ലമെന്റിന് സുപ്രിംകോടതിയുടെ നിര്‍ദേശം.
മേല്‍പറഞ്ഞ കേസില്‍ സ്ത്രീക്ക് ചെലവിന് നല്‍കാന്‍ പുരുഷനോട് നിര്‍ദേശിക്കാന്‍ നിലവിലെ നിയമം അനുശാസിക്കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചെലവിന് നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ അംഗീകരിച്ചാല്‍ ആ പുരുഷനെ നിയമപ്രകാരം വിവാഹം ചെയ്ത സ്ത്രീയോടും ആ ബന്ധത്തിലെ കുട്ടികളോടും ചെയ്യുന്ന അനീതിയാകുമെന്നും കോടതി പറഞ്ഞു.

Leave a Reply