ഓട്ടവ: കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരം. അടുത്ത മൂന്നു വര്‍ഷത്തേക്ക്, ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ അനുവദിക്കാന്‍ കാനഡ സര്‍ക്കാരിന്റെ തീരുമാനം. കോവിഡിനേത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കാനഡ തീരുമാനിച്ചത്.
2021-23 കാലത്തേക്കുള്ള ട്രൂഡോ സര്‍ക്കാരിന്റെ പദ്ധതി പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ച് കുടിയേറ്റകാര്യ മന്ത്രി മാര്‍ക്കോ മെന്ഡിസിനോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാനഡയുടെ ചരിത്രത്തിലെ നിര്‍ണായകനിമിഷമാണ് ഇതെന്ന് മെന്‍ഡിസിനോ പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷം 12 ലക്ഷം കുടിയേറ്റക്കാര്‍ക്കാണ് ഇതിലൂടെ കാനഡയിലേക്ക് വാതിലുകള്‍ തുറക്കപ്പെടുക. ജനസംഖ്യയുടെ ഒരു ശതമാനം കുടിയേറ്റം അനുവദിക്കുക എന്നതാണ് നയം. ഇത് പ്രകാരം 2021ല്‍ 401000, 22ല്‍ 411000, 23ല്‍ 421000 എന്നിങ്ങനെ കുടിയേറ്റം അനുവദിക്കാനാണ് തീരുമാനം. 21ല്‍ 351000, 22ല്‍ 361000 എന്നിങ്ങനെ അനുവദിക്കാനായിരുന്നു കോവിഡിന് മുമ്പ് ഉണ്ടായിരുന്ന തീരുമാനം.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികളുടെയും സാമ്പത്തികവിദഗ്ദ്ധരുടെയും ഇടയില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.