ഒട്ടാവ: പൗരത്വം സംബന്ധിച്ച നിയമം കാനഡ കൂടുതല്‍ കര്‍ശനമാക്കുന്നു. പൗരത്വം ലഭിക്കാന്‍ കാനഡയില്‍ ചെലവഴിക്കേണ്ട കാലയളവ്, ഭാഷപരീക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് പൗരത്വലബ്ധി ഇതോടെ കൂടുതല്‍ ദുഷ്കരമാകും.
ഒടുവിലത്തെ ആറു വര്‍ഷത്തില്‍ നാല് വര്‍ഷമെങ്കിലും [1460 ദിവസം] കാനഡയില്‍ താമസിച്ചവര്‍ക്ക് മാത്രമേ പൗരത്വത്തിനു അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് ബില്‍ പറയുന്നു. ഒടുവിലത്തെ ആറില്‍ നാല് വര്‍ഷം ചുരുങ്ങിയത് 183 ദിവസമെങ്കിലും കാനഡയില്‍ താമസിച്ചിരിക്കുകയും വേണം. സ്ഥിരതാമസ വിസയില്‍ അല്ലാതെ [ സ്റ്റുഡന്റ് വിസ, താല്‍ക്കാലിക വര്‍ക്ക് വിസ തുടങ്ങിയവയില്‍] ഇവിടെ താമസിച്ച കാലയളവ് പുതിയ നിയമപ്രകാരം പരിഗണിക്കില്ല.
14 മുതല്‍ 64 വരെ പ്രായമുള്ളവര്‍ക്ക് ഭാഷാപരീക്ഷ നിര്‍ബന്ധമാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ ഇത് 18 മുതല്‍ 54 വരെയാണ്. അപേക്ഷാഫീസ് 100ല്‍ നിന്ന് 300 ഡോളര്‍ ആക്കി ഉയര്‍ത്തും.
ഇരട്ടപൗരത്വം ഉള്ളവര്‍ തീവ്രവാദം, രാജ്യദ്രോഹം, ചാരപ്രവൃത്തി തുടങ്ങിയ കേസുകളില്‍ എവിടെയെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അവരുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കും. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ട സ്ഥിരതമാസവിസക്കാര് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. പൗരത്വവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസുകളില്‍ ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുമെന്നും ബില്‍ പറയുന്നു. നിലവില്‍ ഇത് മൂന്ന് വര്‍ഷം വരെയാണ്.
പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ബില്ലിന്റെ അന്തസത്തയോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ മാത്രമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ ബില്‍ പാസാകാനാണ് സാധ്യത.