728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡ കേള്‍ക്കുന്നുണ്ടോ , കമ്പിളിപ്പുതപ്പ്‌….കമ്പിളിപ്പുതപ്പ്‌…

ടൊറന്റോ: അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന കമ്പിളിപ്പുതപ്പുകളും ജാക്കറ്റുകളും പുറത്തെടുക്കാന്‍ സമയമാകുന്നു. കാനഡയില്‍ ഇത്തവണ ശൈത്യം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ജനസംഖ്യയുടെ ഏറിയ പങ്കും താമസിക്കുന്ന തെക്കന്‍ ഒണ്ടാരിയോ ഇത്തവണയും തണുത്തുവിറയ്ക്കുമെന്നാണ് പ്രവചനം. എന്നാല്‍ മറ്റുള്ള മിക്ക ഭാഗങ്ങളിലും മഞ്ഞുകാലത്തെ ശരാശരി താപനിലയെക്കാള്‍ ഭേദമായിരിക്കും ഇത്തവണ കാര്യങ്ങള്‍ എന്നും വിദഗ്ധര്‍ പറയുന്നു. തെക്കന്‍ അമേരിക്കയിലെ പസഫിക് തീരത്ത് രൂപംകൊള്ളാന്‍ സാധ്യതയുള്ള എല്‍-നിനോ മേഖലയിലെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം എന്നും അഭിപ്രായമുണ്ട്.

കഴിഞ്ഞ മഞ്ഞുകാലം ദുരിതം വിതച്ച ടൊറന്റോ ഉള്‍പ്പെടെയുള്ള തെക്കന്‍ ഒണ്ടാരിയോയില്‍ സ്ഥിതി ഇത്തവണയും സുഖകരമാകില്ലെന്നാണ് സൂചന. ഈ മേഖലയില്‍ സെപ്റ്റംബറില്‍തന്നെ കടുത്ത ശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അക്യു വെതര്‍.കോമിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ബ്രെറ്റ് ആന്‍ഡേഴ്സന്‍ പറയുന്നത്. ടൊറന്റോയുടെ വടക്കന്‍ മേഖലകളില്‍ സെപ്റ്റംബര്‍ അവസാനം മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെട്ടാലും അദ്ഭുതപ്പെടേണ്ട. ഇലകള്‍ നേരത്തെ കൊഴിഞ്ഞുതുടങ്ങും. ഒക്ടോബറില്‍ അല്‍പമൊന്ന് മെച്ചപ്പെടുന്ന താപനില നവംബറില്‍ വീണ്ടും ശരാശരിക്ക് താഴേക്ക്‌ പോകുമെന്ന് ആന്‍ഡേഴ്സന്‍ പ്രവചിക്കുന്നു.

കാനഡയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അധിവസിക്കുന്നത് ഒണ്ടാരിയോയിലാണ്. അതില്‍ 94 ശതമാനവും തെക്കന്‍ ഒണ്ടാരിയോയിലും. ജനസംഖ്യ ഏറെയുള്ള ടൊറന്റോ, ഓട്ടവ, ഹാമില്‍ട്ടണ്‍, കിച്ച്നര്‍, ലണ്ടന്‍, നയാഗ്ര, ഓഷവ, വിന്‍ഡ്സര്‍, ബാരി, കിംഗ്‌സ്റ്റന്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഈ റീജിയന്‍റെ ഭാഗമാണ്.

ബ്രിട്ടീഷ് കൊളമ്പിയില്‍ ഇത്തവണ ശരാശരിക്കും മുകളിലായിരിക്കും താപനില എന്നാണ് പ്രവചനം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. വാന്‍കൂവറിലെ വലിയ മലയാളിസമൂഹത്തിന് ഇത് സന്തോഷകരമായ വാര്‍ത്തയാണ്.

ആല്‍ബര്‍ട്ട, സസ്കാച്യൂന്‍ എന്നിവിടങ്ങളില്‍ ശരാശരിയോട് അടുത്തുനില്‍ക്കുന്ന താപനിലയാകും ഈ മഞ്ഞുകാലത്ത്. ക്യുബക്കില്‍ ഒക്ടോബറില്‍ ഒഴികെ ശരാശരി താപനിലയാകും അനുഭവപ്പെടുക. എന്നാല്‍ മാനിട്ടോബയില്‍ സ്ഥിതി വ്യത്യസ്തമാകും. മാരിടൈംസില്‍ ശരാശരിയിലും ഉയര്‍ന്നതാകും താപനിലയെന്ന് ആന്‍ഡേഴ്സന്‍ പറയുന്നു. എന്നാല്‍ ഈ മേഖലയില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply