728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയുടെ ഗ്രീന്‍ സിഗ്നല്‍ കാത്ത് ഡ്രൈവറില്ലാ കാറുകള്‍

ടൊറന്റോ: ഡ്രൈവറില്ലാ കാറുകള്‍ കാനഡയുടെ നിരത്തുകള്‍ കീഴടക്കാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം. നിലവില്‍ ഇത്തരം കാറുകള്‍ കാനഡയില്‍ അനുവദനീയമല്ല. പക്ഷേ, ആ വഴിക്കുള്ള ചര്‍ച്ചകള്‍ ഭരണതലത്തില്‍ സജീവമാണ്. നാല് വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാ കാറുകള്‍ കാനഡയിലും എത്തുമെന്നാണ് മോട്ടോര്‍വാഹന രംഗത്തെ പ്രമുഖരുടെ പ്രതീക്ഷ.
സ്വയം നിയന്ത്രിക്കുന്ന കാറുകളുടെ മാതൃക ലോകത്തെ പല പ്രമുഖ വാഹനനിര്‍മാണക്കമ്പനികളും ഇതിനകംതന്നെ രൂപപ്പെടുത്തിക്കഴിഞ്ഞു. നിസാന്റെ ഡ്രൈവറില്ലാ കാറിനു ജപ്പാന്‍ അടുത്തിടെ ലൈസന്‍സ് നല്‍കിയതോടെയാണ് കാനഡയിലും ഈ ആശയത്തിന് ചൂടുപിടിച്ചത്. യുകെ, അമേരിക്കന്‍ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ഫ്ലോറിഡ, നെവെദ എന്നിവിടങ്ങളില്‍ ഡ്രൈവറില്ലാ കാറുകള്‍ക്ക് നേരത്തെതന്നെ ലൈസന്‍സ് നല്‍കിയിരുന്നു. യുകെയില്‍ ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ആദ്യ റോഡ്‌ ടെസ്റ്റ്‌.
റഡാര്‍, ലിഡാര്‍, ജിപിഎസ്, കമ്പ്യൂട്ടര്‍ വിഷന്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്‌ ഡ്രൈവറില്ലാ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യനെക്കാള്‍ പെട്ടെന്ന് പ്രതിപ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറിന് കഴിയും എന്നതിനാല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവറില്ലാ കാറുകള്‍ ഉപകരിക്കുമെന്നാണ് കമ്പനികളുടെ അവകാശവാദം. ഗതാഗതക്കുരുക്കും കുറയും. വൃദ്ധരായ ആളുകളാകും ഈ കാറുകളുടെ പ്രയോജനം കൂടുതല്‍ അനുഭവിക്കുകയെന്നു നിര്‍മാതാക്കള്‍ പറയുന്നു.
എന്നാല്‍ ഇത്തരം കാറുകള്‍ ഉയര്‍ത്തുന്ന നിയമപരമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ട്. അപകടം ഉണ്ടായാല്‍ ആരാണ് ഉത്തരവാദി, കുട്ടികളെ ഈ കാറുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാമോ, യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിട്ട് വേണം ഇത്തരം കാറുകള്‍ക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കാന്‍.
ഡ്രൈവറില്ലാ കാറുകളുടെ സാങ്കേതികവിദ്യ ലോകത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് ഒന്റാറിയോ ഗതാഗതവകുപ്പ് വക്താവ് ബോബ് നിക്കോള്‍സ് പറഞ്ഞു. ഇവിടുത്തെ റോഡുകള്‍ക്ക് ഇത് അനുയോജ്യമാണോ, മറ്റ് വാഹനങ്ങളുമായും കാല്‍നടക്കാരുമായും ഇത് ഒത്തുപോകുമോ തുടങ്ങി നിരവധി വശങ്ങള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ബോബ് പറഞ്ഞു.

Leave a Reply