728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയും നെഞ്ചിലേറ്റുന്നു, ആ അപൂര്‍വ പ്രണയകഥയെ

ടൊറന്റോ: മൊയ്തീനും കാഞ്ചനയും അവരുടെ പരിശുദ്ധപ്രണയവും കാനഡയുടെ മനസ്സും കീഴടക്കുന്നു. കേരളക്കരയില്‍ ജൈത്രയാത്ര നടത്തുന്ന ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന ചലച്ചിത്രത്തിന് കാനഡയില്‍ വന്‍ വരവേല്‍പ്പ്.  മലയാളത്തിലെ പ്രണയസിനിമകളുടെ മുന്‍നിരയിലാണ് ഈ സംഭവപ്രണയകഥയ്ക്ക്‌ സ്ഥാനമെന്ന് സ്കാര്‍ബറോയിലും മിസിസാഗയിലും തിയറ്റര്‍ നിറഞ്ഞ ജനസഞ്ചയം സാക്ഷി. രണ്ടിടത്തും തിങ്കളാഴ്ച ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

മലരും ജോര്‍ജും കാട്ടിക്കൂട്ടിയതല്ല മലയാളിയുടെ പ്രണയസങ്കല്‍പമെന്ന് അടിവരയിടുകയാണ് ‘എന്ന് നിന്‍റെ മൊയ്തീന്‍’ നേടുന്ന വിജയം. വായിച്ചും കേട്ടുമറിഞ്ഞ ഒരു സംഭവകഥയെ അഭ്രപാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ പുതിയൊരു അനുഭവമാക്കാന്‍ ആര്‍ എസ് വിമല്‍ എന്ന നവാഗതസംവിധായകന് കഴിഞ്ഞു. കഥാന്ത്യം അറിയാവുന്ന പ്രേക്ഷകനെപ്പോലും രണ്ട് മണിക്കൂര്‍ തിയറ്ററില്‍ നിര്‍നിമേഷരായി പിടിച്ചിരുത്താന്‍ വിമല്‍ കാട്ടിയ മായാജാലമാണ് സിനിമയുടെ വിജയം.

അവതരണത്തില്‍ മാത്രമല്ല, അഭിനേതാക്കള്‍ പുലര്‍ത്തിയ മികവിലും ‘എന്ന് നിന്‍റെ മൊയ്തീന്‍’ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജും പാര്‍വതിയും സായ്കുമാറും ലെനയും മാത്രമല്ല, സിനിമയിലെ ഓരോ ചെറിയ വേഷങ്ങളില്‍ എത്തുന്നവര്‍പോലും അവരുടെ പങ്ക് ഗംഭീരമാക്കിയിരിക്കുന്നു. കണ്ടില്ലെങ്കില്‍ നഷ്ടമായേനെയെന്ന് തിയറ്റര്‍ വിട്ടിറങ്ങുന്നവര്‍ ഒരേസ്വരത്തില്‍ പറയാനും കാരണം അതുതന്നെ.

സ്കാര്‍ബറോയില്‍ രണ്ടും മിസിസാഗയില്‍ ഒന്നും പ്രദര്‍ശനങ്ങളാണ് ഇതുവരെ നടന്നത്. രണ്ടിടത്തും തിങ്കളാഴ്ച [ഒക്ടോബര്‍ 12] വൈകിട്ട് 3.15ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസിലാണ് [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] സ്കാര്‍ബറോയിലെ പ്രദര്‍ശനം. മിസിസാഗയിലെ പ്രദര്‍ശനം സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7] നടക്കും.

ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍:  6478927650

Leave a Reply