ടൊറന്റോ: കാനഡയിലെ വീടുകളുടെ ഇപ്പോഴത്തെ വില 10 മുതല്‍ 26 ശതമാനംവരെ ഊതിവീര്‍പ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷം വില മരവിക്കുകയോ താഴേക്ക് പോകുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ കാനഡയില്‍ വീട് വാങ്ങുക രണ്ടും കല്പിച്ച് വേണമെന്ന് ചുരുക്കം.
2001ന് ശേഷം കാനഡയില്‍ വീടുകളുടെ വിലയില്‍ 130 ശതമാനം വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ധന 80 ശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നാല്‍ കാനഡയുടെ സാമ്പത്തികമേഖലയെ അത് ഗുരുതരമായി ബാധിക്കുമെന്നും ഫിച്ച് മുന്നറിയിപ്പ് നല്കുന്നു. ഭവനവായ്പകള്‍ അടച്ചുതീര്‍ക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടും. പലിശനിരക്ക് വര്‍ധിക്കും. റിയല്‍ എസ്റ്റേറ്റ്വര്ഷങ്ങളില് നിര്‍മാണമേഖലയില്‍ ഉണ്ടായ റെക്കോര്‍ഡ് കുതിപ്പ് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വീട് വില്പനയില് ഫെബ്രുവരിക്ക് ശേഷം ആദ്യമായി ഒക്ടോബറില്‍ കുറവ് രേഖപ്പെടുത്തിയതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിഐ വരാന്‍ പോകുന്ന മാന്ദ്യത്തിന്റെ സൂചനയായി ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. മേഖല മരവിച്ചാല്‍ അത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. ഇത് വലിയ തോതില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിര്‍മാണമേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിരുന്നു.