ടൊറന്റോ: കാനഡയില്‍ ശനിയാഴ്ച രാത്രി കാറുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. കാനഡ ഒന്റാരിയോയിലെ മിസിസാഗ നിവാസിയായ ജിം തോമസ് ജോണി [30] ആണ് മരിച്ചത്. ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ടൊറന്റോയില്‍ നിന്ന് 300 കിലോമീറ്ററോളം ദൂരെ ടോബര്മോറിയില് ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ജിമ്മും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ വേറൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിമ്മിനെ എയര്‍ ആംബുലന്‍സില്‍ ലണ്ടനിലെ [കാനഡ] ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം സഞ്ചരിച്ചിരുന്ന നാല് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരില്‍ മലയാളികള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. അപകടത്തില്‍പെട്ട രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ച മറ്റ് രണ്ട് പേര്.
2015ലാണ് ജിം കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയത്. ഭാര്യ: സെലിന് ജയിംസ്, മകള്‍: ഇവാന ജിം. സഹോദരങ്ങള്‍: ലിജി ജോണി [യുഎസ്], ജെറി ജോണി [കാനഡ].