728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി

ഓട്ടവ: കാനഡയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാനേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ്‌ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിക്ഷേധിക്കാനോ കനേഡിയന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക നടത്തുന്ന ആക്രമണത്തില്‍ സഖ്യകക്ഷിയായി കാനഡ പങ്കെടുക്കുന്നുണ്ട്.

കാനഡയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു കൊണ്ടുള്ള തീവ്രവാദികളുടെ സന്ദേശം രഹസ്യാന്വേഷണ ഏജന്‍സി പിടിച്ചെടുത്തതായി  എന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ കാനഡയിലെ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ടെലഫോണ്‍ സംഭാഷണം. ഏതെങ്കിലും വ്യക്തിയെ പിടികൂടി തലയറുത്ത് കൊല്ലുക, ജനക്കൂട്ടത്തിന് നേരെ ആക്രമണം നടത്തുക എന്നിവ തീവ്രവാദികള്‍ ആസൂത്രണം ചെയ്തേക്കാമെന്ന് യുഎസ്, കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുന്നതായി എന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പറിന്റെ ഓഫീസ് തയ്യാറായില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് പൊതുസുരക്ഷാമന്ത്രി  സ്റ്റീവന്‍ ബ്ലെയ്നിയുടെ വക്താവ് പറഞ്ഞു. തീവ്രവാദി ഭീഷണിയില്‍ നിന്ന് കാനഡയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ സദാ ജാഗരൂകരാണെന്ന് വ്യക്തമാക്കി.

130നും 145നും ഇടയില്‍ കാനഡക്കാര്‍ അറബ് രാജ്യങ്ങളില്‍ തീവ്രവാദസംഘടനകളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളതായാണ് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇതില്‍ എണ്‍പതോളം പേര്‍ കാനഡയില്‍ തിരികെ എത്തിയിട്ടുണ്ട്. എന്നാല്‍, ഇവരില്‍ ആരെയെങ്കിലും ഇതിനകം പിടികൂടിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാരോ സുരക്ഷാ ഏജന്‍സികളോ തയ്യാറായിട്ടില്ല.

അടുത്തിടെ ചിത്രീകരിക്കപ്പെട്ട ഒരു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ അഭിമുഖം യുഎസിലെയും കാനഡയിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദമായി പഠിച്ചുവരികയാണ്. മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ മുഖംമറച്ച് പ്രത്യക്ഷപ്പെടുന്ന തീവ്രവാദിയുടെ ഇംഗ്ലീഷ് ഉച്ചാരണം അമേരിക്ക, കാനഡ എന്നിവിടങ്ങളിലേതിനോട് സാമ്യമുള്ളതാണ്. ഇംഗ്ലീഷ് രണ്ടംഭാഷയായ ഏതെങ്കിലും കുടിയേറ്റക്കാരുടെ മകനാണ് വീഡിയോയില്‍ ഉള്ളതെന്നാണ് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സി കരുതുന്നത്.

Leave a Reply