728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ ഒരു വീട്, മനോഹരമായ ‘നടക്കാത്ത സ്വപ്നം’?

ടൊറന്റോ: മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസികളുടെയും ഏറ്റവും വലിയ സ്വപ്നമാണ് കാനഡയില്‍ സ്വന്തമായ ഒരു വീട്. ഭാരിച്ച വീട്ടുവാടകയില്‍ നിന്ന് മോചനം. ബെയ്സ്മെന്‍റ് വാടകയ്ക്ക് കൊടുത്തുള്ള വരുമാനം. കണക്കുകൂട്ടലുകള്‍ അനവധി. എന്നാല്‍ ഇതൊക്കെയും പഴയ മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗ് പോലെ ‘ഒരിക്കലും നടക്കാത്ത മനോഹരസ്വപ്നം’ ആകുകയാണോ. ചുരുങ്ങിയത് ശരാശരി വരുമാനക്കാരായ പ്രവാസികള്‍ക്കെങ്കിലും. അതെയെന്നാണ് കാനഡയിലെ ഒരു പ്രമുഖ ദിനപത്രം നടത്തിയ പഠനം പറയുന്നത്. കാനഡയിലെ വലിയ നഗരങ്ങളില്‍ നാലിലൊന്നിലും സാധാരണക്കാരന്‌ സ്വന്തമായി വീട് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണത്രെ. ശരാശരി വരുമാനക്കാര്‍ ചേക്കേറിയിരുന്ന ഉപനഗരങ്ങള്‍ പലതിലും വീടുകളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കാനഡയിലെ 26 വന്‍നഗരങ്ങളില്‍ ഏഴിലും ശരാശരി വരുമാനക്കാര്‍ക്ക് ചുവടുറപ്പിക്കാന്‍ കഴിയില്ലെന്ന് പഠനം പറയുന്നു. ടൊറന്റോ, വാന്‍കൂവര്‍ തുടങ്ങിയ നഗരങ്ങളാണ് മുന്നില്‍. ഇവിടങ്ങളില്‍ പരിമിത വരുമാനക്കാര്‍ ഒന്നുകില്‍ കൊണ്ടോമീനിയം കൊണ്ട് തൃപ്തിപ്പെടുകയോ ഹൗസിംഗ് മാര്‍ക്കറ്റില്‍ നിന്ന് പുറന്തള്ളപ്പെടുകയോ ചെയ്യും.

മേല്‍പറഞ്ഞ 7 നഗരങ്ങളില്‍ വീടുകളുടെ ശരാശരി വില, ശരാശരി വരുമാനക്കാരന് ലഭിക്കുന്ന പരമാവധി ബാങ്ക് വായ്പയെക്കാള്‍ ഒരു ലക്ഷം ഡോളര്‍ കൂടുതലാണ്. ഈ ഏഴു നഗരങ്ങളുടെ പട്ടികയില്‍ മാര്‍ക്കം, മിസിസാഗ, ബേണബി, സറേ എന്നിവയും ഉള്‍പ്പെടും. ടൊറന്റോയില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നപ്പോള്‍ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന ഉപനഗരങ്ങളാണ് മാര്‍ക്കവും മിസിസാഗയും. വാന്‍കൂവറിനോട് ചേര്‍ന്നുള്ള ബേണബിയുടെയും സറേയുടെ കാര്യവും അതുതന്നെ.

കാല്‍ഗരി, ബ്രാംപ്ടന്‍, എഡ്മന്റന്‍ വിക്ടോറിയ എന്നീ നഗരങ്ങള്‍ ബോര്‍ഡര്‍ ലൈനിലേക്ക് വീണു. വരുമാനത്തെ അപേക്ഷിച്ച് വില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍ ഇവിടെയും സാധാരണക്കാരന്‍ പുറന്തള്ളപ്പെടും. ഈ നഗരങ്ങളില്‍ വിക്ടോറിയയില്‍ മാത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീടുകളുടെ വില താഴോട്ടാണ്.

ടൊറന്റോയിലും കാല്‍ഗരിയിലും വീടുകളുടെ ഉയര്‍ന്ന വില മാത്രമല്ല പ്രശ്നമെന്ന് ബാങ്ക് ഓഫ് മോണ്ട്രിയല്‍ സാമ്പത്തിക വിദഗ്ധന്‍ ഡഗ് പോര്‍ട്ടര്‍ പറയുന്നു. ആവശ്യത്തിനനുസരിച്ച് വീടുകള്‍ വില്പനയ്ക്ക് ഇല്ലാത്തതും ഒരു കാരണമാണ്. ഇതില്‍ ടൊറന്റോ പുതിയ വീടുകള്‍ നിര്‍മിക്കാന്‍ വേണ്ടത്ര സ്ഥലമില്ലായ്മ അനുഭവപ്പെടുന്നതിനാല്‍ ഭാവിയില്‍ പ്രശ്നം രൂക്ഷമായേക്കും.

Leave a Reply