jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയിലെ നൂനവൂട്ട് പറയുന്നു… ‘ഗോ കൊറോണ’

ഇക്വാല്യൂട്ട്: കോവിഡ് രണ്ടാംവരവിനെതിരെ ചെറുക്കാന്‍ കൈമെയ് മറന്ന് പൊരുതുകയാണ് കാനഡ. 223000 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ 10000 കടന്നു. എന്നാല്‍, ഇതിനെല്ലാമിടയില്‍ ഒരു കോവിഡ് രോഗിപോലും ഇല്ലാതെ തലയുയര്‍ത്തിനില്‍ക്കുകയാണ് കാനഡയിലെ ഒരു ഭൂപ്രദേശം. വടക്കേയറ്റത്തുള്ള നൂനവൂട്ട്. വടക്കന്‍ അമേരിക്കയില്‍ കോവിഡിന് ഇനിയും എത്തിനോക്കാന്‍ കഴിയാത്ത ഏക സ്ഥലവും ഇതുതന്നെ.
ഭൂമിശാസ്ത്രപരമായ സവിശേഷതയും കുറഞ്ഞ ജനസംഖ്യയും അധികൃതരുടെ അതീവകര്‍ശനമായ നിലപാടുമാണ് കോവിഡിനെ അകറ്റിനിര്‍ത്താന്‍ നൂനവൂട്ടിനെ സഹായിച്ചത്. 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് പ്രവിശ്യയുടെ ആകെ വലിപ്പം. കേരളത്തിന്‍റെ 50 ഇരട്ടിയോളം വരുമിത്‌. പക്ഷേ, ആകെ ജനസംഖ്യ 39300 മാത്രം. കൊച്ചി നഗരത്തില്‍ മാത്രം ഏഴു ലക്ഷത്തിലേറെ ജനസംഖ്യ ഉണ്ടെന്നാണ് കണക്കുകള്‍.
കോവിഡ് രൗദ്രഭാവം കൈക്കൊണ്ടതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് കാനഡ ലോക്ക്ഡൌണിലേക്ക് നീങ്ങിയത്. നൂനവൂട്ട് ആകട്ടെ കൂടുതല്‍ കര്‍ശനമായാണ് ലോക്ക്ഡൌണ്‍ നടപ്പാക്കിയത്. പ്രദേശവാസികള്‍ ഒഴികെയുള്ളവര്‍ക്ക് മേഖലയിലേക്ക് പ്രവേശനം ഏതാണ്ട് പൂര്‍ണമായി നിരോധിച്ചു. പുറത്തുനിന്ന് എത്തുന്ന പ്രദേശവാസികള്‍ക്ക് അതിര്‍ത്തിക്കപ്പുറംതന്നെ ‘ഐസൊലേഷന്‍ ഹബ്ബുകള്‍’ തയ്യാറാക്കി. ഹോട്ടലുകളിലും മറ്റും ഒരുക്കിയ ഈ ഹബ്ബുകളില്‍ സര്‍ക്കാര്‍ ചെലവില്‍ രണ്ടാഴ്ച കഴിഞ്ഞ ശേഷം മാത്രമേ നൂനവൂട്ടുകാര്‍ക്ക് പോലും നാട്ടില്‍ കാലുകുത്താന്‍ കഴിയുമായിരുന്നുള്ളൂ. ഐസൊലേഷന്‍ ഹബ്ബുകളില്‍നിന്ന് ആള്‍ക്കാര്‍ ചാടിപ്പോകാതിരിക്കാന്‍ കര്‍ശനമായ കാവലും ഏര്‍പ്പെടുത്തിയിരുന്നു. ഹബ്ബില്‍നിന്ന് മുങ്ങിയവരെ പിടിച്ചുകൊണ്ടുവന്ന് കൂടുതല്‍ നാള്‍ ക്വാറന്റൈനില്‍ താമസിപ്പിച്ചാണ് ഈ പ്രതിസന്ധി മറികടന്നത്.

Leave a Reply