കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മലയോര മേഖലയില്‍ പ്രതിഷേധം കത്തിക്കാളി. പ്രതിഷേധത്തിനിടയില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
പശ്ചിമ ഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മലയോര മേഖലയില്‍ വ്യാപക അക്രമം. ദേശീയപാതയില്‍ താമരശ്ശേരിക്കു സമീപം അടിവാരത്ത് പ്രതിഷേധക്കാരും പൊലീസും ഏറെനേരം ഏറ്റുമുട്ടി. സംഭവത്തില്‍ പൊലീസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. റൂറല്‍ എസ്.പിയെയും താമരശ്ശേരി ഡിവൈ.എസ്.പിയെയും മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ ബന്ദിയാക്കി. പൊലീസ് മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച അക്രമം വൈകീട്ട് അഞ്ചിന് രൂക്ഷമായി.
താമരശ്ശേരി, പെരുവണ്ണാമൂഴി, പൂഴിത്തോട് വനംവകുപ്പ് ഓഫിസുകള്‍ക്കുനേരെയും അക്രമമുണ്ടായി. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്സും വനസംരക്ഷണ സമിതിയുടെ പൂഴിത്തോട് ഓഫിസും പ്രക്ഷോഭകര്‍ അടിച്ചു തകര്‍ത്തു. ലാത്തിച്ചാര്‍ജില്‍ കൈതപ്പൊയില്‍ ചാലില്‍ ഹൗസില്‍ ബഷീറിന്‍െറ ഭാര്യ റംല (41), മകന് ജുബ്സീര് (24) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലെ പരിക്ക് സാരമുള്ളതിനാല്‍ ജുബ്സീറിനെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മലയോര മേഖലകളായ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളിയാഴ്ച ഇടതുമുന്നണിയും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ജനകീയ ഹര്ത്താലായതിനാലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ശനിയാഴ്ച നഗരത്തില്‍ നടക്കുന്നതിനാലും നാമമാത്ര പൊലീസ് മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെതന്നെ ഹര്‍ത്താലനുകൂലികള്‍ തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി.ഹര്‍ത്താലിന്‍െറ മറവില്‍ സാമൂഹികവിരുദ്ധരാണ് വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. ഫോറസ്റ്റ് റേഞ്ചോഫിസ് തീയിട്ട് നശിപ്പിച്ചു. കമ്പ്യൂട്ടറുകളും വിലപിടിപ്പുള്ള ഫയലുകളും ഫര്‍ണിച്ചറും പൂര്‍ണമായി കത്തിനശിച്ചു. റാപിഡ് ആക്ഷന്‍ ഫോഴ്സിന്‍െറ വാഹനം അഗ്നിക്കിരയാക്കി. ഓഫിസ് കോമ്പൗണ്ടിലുണ്ടായിരുന്ന തൊണ്ടിവാഹനങ്ങളും കത്തിച്ചു. പരിസരത്തെ മരങ്ങള്‍ വെട്ടിനശിപ്പിച്ചു. മുക്കത്ത് നിന്നത്തെിയ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ ശ്രമിച്ചാണ് തീയണച്ചത്. അക്രമികള്‍ വാക്കത്തി, കമ്പിപ്പാര, കുറുവടി, കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് അഴിഞ്ഞാടിയത്. ഫോറസ്റ്റ് ഓഫിസിലേക്ക് നീങ്ങുന്നതിനിടെ റോഡരികില്‍ കിടന്ന പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കിയ ശേഷമാണ് അക്രമിസംഘം മുന്നേറിയത്. ചുങ്കം ടെലിഫോണ്‍ എക്സ്ചേഞ്ചിനുനേരെ കല്ളേറുണ്ടായി. താമരശ്ശേരി മുതല്‍ അടിവാരം വരെ റോഡ് യുദ്ധക്കളമായി.