jio 800x100
jio 800x100
728-pixel-x-90
<< >>

കസ്തൂരിയെ ആര്‍ക്കാണ് പേടി?

ഇനി മുതല്‍ രാത്രി ഉറക്കത്തില്‍ കൂര്‍ക്കം വലിച്ചാല്‍ വന്യജീവികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് ഫോറസ്റ്റുകാര്‍ കേസെടുക്കും. മാത്രമല്ല, ഇവിടുത്തെ  വീടുകള്‍ ഉടന്‍ പച്ച പെയിന്‍റ് അടിക്കേണ്ടി വരും. ഇടുക്കിക്കാരനായ സുഹൃത്ത് ഇത് പറഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇടുക്കി, വയനാട് തുടങ്ങിയ മലയോരമേഖലകളില്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ നടത്തുന്ന പ്രചാരണങ്ങളുടെ സാമ്പിള്‍മാത്രമാണ് മുന്നേ പറഞ്ഞത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ ന്യൂസ്‌നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് ഒരു സുഹൃത്തിന്‍റെ കമന്റ് ഇങ്ങനെ. ‘ ഇവിടെ കമന്റും ഇട്ടോണ്ട് ഇരിക്കാതെ ഉള്ള സമയത്ത് പറമ്പിലെ തടിയൊക്കെ മുറിച്ചുവിറ്റ് കാശുണ്ടാക്കാന്‍നോക്ക്. സര്‍ക്കാര്‍വന്ന് നമ്പരിട്ടാല്‍പിന്നെ അതേലൊന്നും തൊടാന്‍പറ്റത്തില്ല.’

ഹൈറേഞ്ചിന്‍റെ ഫലഭൂയിഷ്ഠമായ മണ്ണില്‍ ആരാണ് ഇത്തരം നട്ടാല്‍കുരുക്കാത്ത നുണകള്‍പ്രചരിപ്പിച്ചത്. ആവശ്യമില്ലാത്ത പേടി വിതച്ചത്. ആരാണ് പാവപ്പെട്ട കര്‍ഷകനെ കൊടിയും മുദ്രാവാക്യവുമായി തെരുവിലിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളായാലും സാമുദായിക സംഘടനകളായാലും നാളെ ഇതിന് മറുപടി പറയേണ്ടിവരും.

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക.  പയറ്റിത്തെളിഞ്ഞ ഇതേ തന്ത്രംതന്നെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ  കാര്യത്തിലും നടപ്പിലായിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളും പള്ളികളുമൊക്കെ സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് വിമോചനസമരകാലത്ത് ജനങ്ങളെ തെരുവിലിറക്കിയത്. കേരളത്തെ സാക്ഷരകേരളമാക്കുന്നതിന് അടിത്തറയിട്ട വിദ്യാഭ്യാസനിയമം അട്ടിമറിക്കുന്നതിന് ആയിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ രക്ഷപ്പെടുത്തിയതും സാധാരണ ജനങ്ങളെ മുന്നില്‍നിര്‍ത്തിയാണ്. തങ്ങളുടെ കിമ്പളം പറ്റുന്ന ചില ഉദ്യോഗസ്ഥരെക്കൊണ്ടു മൂന്നാറിലെ കോളനികളില്‍ കുടിയിറക്ക് നോട്ടീസ് കൊടുപ്പിച്ചാണ് റിസോര്‍ട്ട് മാഫിയ അന്ന് ജനത്തെ തെരുവിലിറക്കിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ഇടുക്കിയിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ച ജനവിരുദ്ധനിലപാടുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കണം.

വയനാട്ടിലെ സമരം തുടക്കത്തില്‍ത്തന്നെ പ്രകോപനമൊന്നും കൂടാതെ അക്രമാസക്തമായത് യാദൃശ്ചികമല്ല. ഭൂമികയ്യേറ്റവും ചന്ദനക്കൊള്ളയും ഉള്‍പ്പെടെ ഒട്ടേറെ കേസുകളുടെ രേഖകള്‍ കത്തിക്കപ്പെട്ടു. കസ്തൂരി രംഗന്‍   റിപ്പോര്‍ട്ടിനെതിരായ സമരത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും ആരാണ് എന്നതിന്‍റെ ചൂണ്ടുപലകയാണ് ഇത്.

റിപ്പോര്‍ട്ട് നടപ്പായാല്‍ പരിസ്ഥിതിമൃദുല പ്രദേശങ്ങളില്‍ സ്ഥലവില്പന നടക്കില്ല, സ്ഥലങ്ങളൊക്കെ സര്‍ക്കാര്‍ ഏറ്റെടുക്കും, മരങ്ങള്‍മുറിക്കാന്‍പാടില്ല, വീട് വെക്കാന്‍കഴിയില്ല, വീടുകള്‍ക്ക് പച്ച പെയിന്‍റ്  അടിക്കണം, രാത്രി എട്ട് മണി കഴിഞ്ഞ് വിളക്കുകള്‍ കത്തിക്കാന്‍ പാടില്ല, കൂര്‍ക്കം വലിച്ചും മറ്റും വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കരുത്, ആശുപത്രികള്‍ പോലും  നിര്‍മിക്കാന്‍ പാടില്ല, വഴി വെട്ടാന്‍പാടില്ല തുടങ്ങി ഒട്ടേറെ നുണപ്രചാരണങ്ങളാണ് നിഷ്കളങ്കരായ മലയോരജനതയില്‍ ആശങ്ക പരത്താനും അവരെ തെരുവിലിറക്കാനും തല്‍പരകക്ഷികള്‍ അഴിച്ചുവിട്ടിരിക്കുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ച് ഇടുക്കിയുടെയും വയനാടിന്റെയും പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ഈ മാഫിയകളെ ജനം തിരിച്ചറിയണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വസ്തുനിഷ്ഠമായ ചര്‍ച്ചയോ സംവാദമോ അല്ല ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്. ആയിരുന്നെങ്കില്‍ ഇത്തരം കള്ളപ്രചാരണങ്ങളുടെ ആവശ്യമെന്ത്?

പരിസ്ഥിതിമൃദുല പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഒരു നിര്‍ദേശവും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇല്ല. പ്രസ്തുത പ്രദേശങ്ങളില്‍ പട്ടയമുള്ള സ്ഥലത്തിന് തുടര്‍ന്നും കരമടയ്ക്കുന്നതിനും കൊടുക്കല്‍-വാങ്ങല്‍ നടത്തുന്നതിനും തടസമില്ല. വീടോ കെട്ടിടങ്ങളോ നിര്‍മിക്കുന്നതിനും വിലക്കില്ല. 20000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മാത്രമാണ് വിലക്ക്. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ പാറ, മണല്‍ ഖനനം പൂര്‍ണമായി നിരോധിക്കും.

30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ കൃഷി നിരോധിക്കുമെന്ന കള്ളപ്രചാരണവും മലയോരമേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് അര്‍ദ്ധസത്യം മാത്രമാണ്. ഇത്തരം സ്ഥലങ്ങളില്‍ വാര്‍ഷികവിളകളോ അതില്‍ കുറവ് സമയമുള്ള വിളകളോ പാടില്ല എന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്യാം.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ കര്‍ഷകജനതയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്ത് അവരെ നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. പക്ഷേ റിപ്പോര്‍ട്ടിനെ കടയോടെ ചുട്ടുകരിക്കാനുള്ള ശ്രമമാണ് സ്വാര്‍ത്ഥതാല്‍പര്യക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. തങ്ങളെ മുന്നില്‍ നിര്‍ത്തി ചിലര്‍ ആടുന്ന ഈ നാടകം തിരിച്ചറിയാന്‍ ഇടുക്കിയിലെയും വയനാട്ടിലെയും ജനങ്ങള്‍ക്ക്‌ കഴിയണം. ഇല്ലെങ്കില്‍ പശ്ചിമഘട്ടവും കേരളത്തിന്‍റെ പച്ചപ്പും വരുംതലമുറകള്‍ക്ക് വേണ്ടി ബാക്കിയുണ്ടാകില്ല. ചുവരുണ്ടെങ്കില്‍ അല്ലെ ചിത്രമെഴുതാന്‍ കഴിയൂ.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ച, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാളപരിഭാഷ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

http://keralabiodiversity.org/images/news/hlwg_part_one.pdf

 

http://keralabiodiversity.org/images/news/hlwg_part_two.pdf

Leave a Reply