jio 800x100
jio 800x100
728-pixel-x-90
<< >>

കഴിയുമെങ്കില്‍ മടങ്ങി വരൂ …

തമിഴ്നാട് രാമേശ്വരത്തെ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്റെയും ആയിഷുമ്മയുടെയും ഏക മകന്‍.മുക്കുവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന വഞ്ചിയല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വരുമാന മാര്‍ഗ്ഗമായി ഇല്ല.

വീട്ട് ചിലവിനു പണം തികയാതെ വന്നപ്പോള്‍ അക്ഷരങ്ങളെയും അക്കങ്ങളേയും ഏറെ സ്നേഹിച്ച ആ ബാലന്‍ പത്ര വിതരണം നടത്തി കുടുംബത്തെ സഹായിച്ചു.ചെറുതെങ്കിലും കിട്ടുന്ന മുഴുവന്‍ തുകയും ആയിഷുമ്മയെ ഏല്‍പ്പിച്ചു.പത്ര വിതരണത്തിനു ശേഷമുള്ള സമയമത്രയും പഠനത്തില്‍ വ്യാപൃതനായി.

ഇന്ത്യാ മഹാരാജ്യത്തെ എണ്ണം പറഞ്ഞ സ്കോളര്‍ഷിപ്പുകളുടെ സഹായത്തോടെ ആ കഠിനാധ്വാനി ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകള്‍ ചവിട്ടി കയറി.പഠിക്കുന്ന കാലത്ത് ഇറച്ചിയും മീനും അടങ്ങുന്ന ഇഷ്ട വിഭവങ്ങള്‍ മേടിച്ചു കഴിക്കാന്‍ പണം ഇല്ലാതിരുന്നത് കൊണ്ട് സസ്യഭുക്കായി.

ദാരിദ്യത്തിന്റെ നീറുന്ന യഥാര്‍ത്ഥ്യങ്ങളുമായി സമരം ചെയ്യുന്ന കാലത്തും വര്‍ണ്ണാഭമാര്‍ന്ന സ്വപനങ്ങള്‍ കാണാനും അവയൊക്കെയും പിന്നെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ആക്കാനും ഇച്ഛാശക്തിയുടെ ബഹിരാകാശ പേടകം തീര്‍ത്തു.

ഏറെക്കാലത്തിനു ശേഷം ലോകരാഷ്ട്രങ്ങളുടെ നിറുകയില്‍ വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്ന ബ്രിട്ടനും,ഫ്രാന്‍സും,ജര്‍മിനിയും അടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ വെച്ച് അദ്ദേഹം സ്വതസിദ്ധമായ വിനയലാളിത്യം കൈവിടാതെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു

“If there is righteousness in the heart, there will be beauty in the character.

If there is beauty in the character, there will be harmony in the home.

If there is harmony in the home, there will be order in the nations.

When there is order in the nations, there will peace in the world.”

അതാണ്‌ എ.പി.ജെ അബ്ദുള്‍ കലാം. ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരം.മഹാത്മാ ഗാന്ധിയ്ക്ക് ശേഷം ഇന്ത്യ ലോകത്തിനു സമ്മാനിച്ച വിനയലാളിത്യമുള്ള ധൈഷിണിക ജ്വാല.അബ്ദുല്‍ കലാം എന്ന സ്വപ്നങ്ങളുടെ വ്യാപാരിക്ക് മുന്നില്‍ എല്ലാ വിശേഷണങ്ങളും അന്യമാകും.എല്ലാ നാമ വിശേഷണങ്ങളും ആ നിഷ്കളങ്ക പുഞ്ചിരിക്ക് മുന്നില്‍ നിഷ്പ്രഭമായിപ്പോകും.

ഖനിയര്‍ പൂങ്കുന്‍ര്‍നാര്‍ എന്ന തമിഴ് ക്ലാസ്സിക് കവിയെ ഉദ്ദരിച്ചാണ് അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നവും കര്‍മ്മവും ആ കവിതയില്‍ തെളിഞ്ഞു കണ്ടു എന്നതാണ് ശരി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെല്‍ഫാസ്റ്റ് ക്യൂന്‍സ് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ്‌ നല്‍കി ആദരിച്ചപ്പോള്‍  ചൊല്ലിയ കവിത കേട്ട് വൈസ് ചാന്‍സിലര്‍ ഹൃദയത്തില്‍ തൊട്ടു പറഞ്ഞു.

“ഇത്രയും പ്രകൃതി സ്നേഹിയായ ഒരു ശാസ്ത്രജ്ഞനെ പരിചയപ്പെടാനും ആദരിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു”

രണ്ടു സ്യൂട്ട്കെയ്‌സുകളുമായി അദ്ദേഹം രാഷ്ട്രപതി ഭവനിലേയ്ക്ക് താമസത്തിന് ചെന്നു.ഇന്ത്യന്‍ ജനതയോട് അദ്ദേഹം പറഞ്ഞു.ഞാന്‍ ഈ രണ്ടു പെട്ടികള്‍ മത്രമേ തിരികെ കൊണ്ട് പോകു.ഒന്നില്‍ ഏതാനും പുസ്തകങ്ങളും ലാപ്ടോപ്പും  മറ്റേതില്‍ ദൂര യാത്ര വേണ്ടി വരുമ്പോള്‍ മാറാനുള്ള വസ്ത്രങ്ങള്‍.

ഇഷ്ട വിഭവം അയിഷുമ്മ പാകം ചെയിതു നല്‍കിയിരുന്ന ചോറും സാമ്പാറും തേങ്ങാ ചമ്മന്തിയും. Pride of the Nation എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം അടുക്കളയില്‍ അയിഷുമ്മയോടൊപ്പം ഇരുന്നു കഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം.

1950- ല്‍ തിരുച്ചിറപ്പള്ളി ,സെയ്ന്റ് ജോസഫ് കോളേജ് ജീവിത കാലത്തെ സാമ്പത്തിക ദാരിദ്ര്യം അദ്ദേഹത്തെ സസ്യബുക്കാക്കി മാറ്റി.അത് ജീവിത ചര്യയുടെ ഭാഗമാക്കി മാറ്റിയപ്പോള്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ‘കലാം അയ്യര്‍’ എന്ന് കളിയാക്കി വിളിച്ചു.പക്ഷേ കേരളത്തില്‍ എത്തിയാല്‍ അദ്ദേഹം പലപ്പോഴും ആ വൃതം തെറ്റിച്ചിരുന്നു.കേരളത്തിലെ മുട്ടക്കറിയും പൊറോട്ടയും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു.

കേരളത്തിലെ തുമ്പയില്‍ ജോലി ചെയ്തിരുന്ന മൂന്നു പതിറ്റാണ്ട് (1960-1980 )കാലത്ത് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത് പരമേശ്വരന്‍ നായര്‍ എന്നയാള്‍ നടത്തിയിരുന്ന ഗുരുവായുരപ്പന്‍ ഹോട്ടല്‍ എന്ന ഒരു ചെറിയ കടയില്‍ നിന്നായിരുന്നു.അപ്പവും കടലയും ഏറെ ഇഷ്ടമായിരുന്ന കലാമിന് ഉച്ചക്ക് ചോറും രസവും പപ്പടവും മാത്രം മതി.അതും വളരെ തിരക്ക് പിടിച്ചു കഴിച്ചു തിരികെ പോകും .പരമേശ്വരന്‍ നായര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

അങ്ങനെ വാക്കിലും പ്രവര്‍ത്തിയിലും വിനയവും ലാളിത്യവും സൂക്ഷിച്ചിരുന്ന അദ്ദേഹം തന്റെ മരണാനന്തര ചടങ്ങുകളുടെ കാര്യത്തിലും മുന്‍പേ ചിലത് പറഞ്ഞിരുന്നു.തന്റെ മരണത്തിന്റെ പേരില്‍ അവധി നല്‍കരുത്.അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കാന്‍ ഒരു ഇന്ത്യാക്കാരനും കഴിയുമായിരുന്നില്ല.അങ്ങനെ അധിക സമയം ജോലി ചെയ്ത് ഇന്ത്യന്‍ ജനത അദ്ദേഹത്തിനുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരപേക്ഷയോടെ ശിരസ്സ് നമിക്കുന്നു.

R.I.P- Return If Possible.

Leave a Reply