728-pixel-x-90-2-learn
728-pixel-x-90
<< >>

കള്ള ‘കൊലയാളി’കള്‍ക്കെതിരെ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് മാമുക്കോയയെ കൊന്നവര്‍ക്കെതിരെയാണ്.ഏറ്റവും ഒടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ മാമുക്കോയ മിരിച്ചതായി പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് ലാലിന്റെ എഴുത്ത്.ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.ഇങ്ങനെയുള്ള പ്രചാരണത്തിലൂടെ വെളിവാകുന്നത് അത്തരം ആളുകളിലെ മനോവൈകൃതമാണെന്നും താരം പ്രതികരിക്കുന്നു.

ബ്ലോഗിലെ പ്രധാനഭാഗം ഇങ്ങനെ ‘ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്ക രോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിട്ടുകള്‍ക്കകം വാര്‍ത്ത കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു. മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോണ്‍ വിളി തുടങ്ങി. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ‘ഞാന്‍ മരിച്ചു’ എന്ന് കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു.അതു കേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു.
ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു എന്നാല്‍ എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍പെട്ടു മരിച്ചു എന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല.’

ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചെന്ന് പ്രചരിപ്പിക്കുന്നവരുടെ ആനന്ദം എന്തായിരിക്കും?അത്തരം ആളുകളുടേത് എന്ത് മനസ്സായിരിക്കുമെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.മനഃസാക്ഷിയില്ലാതെ ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നവരെ ക്രിമിനലുകളായി കണക്കാക്കണമെന്നും അവരെ പിടികൂടണമെന്നും ലാല്‍ തന്റെ ബ്‌ളോഗില്‍ അഭിപ്രായപ്പെടുന്നു.

INDIANEWS24.COM Movies

Leave a Reply