jio 800x100
jio 800x100
728-pixel-x-90
<< >>

കളി സരിതയോട് വേണ്ട

ആര്‍ ബാലകൃഷ്ണപിള്ളയുടെ കൈകൊണ്ട് ചാകുന്നതായിരുന്നു വി എസിന് ഇതിലും ഭേദം. ഇത്രനാള്‍ മലയും കോടതിയുമൊക്കെ കയറി ഉണ്ടാക്കിയ ഇമേജെല്ലാം ഒറ്റ നിമിഷംകൊണ്ട് തവിടുപൊടി ആയില്ലേ. പെണ്ണുങ്ങളുടെ സംരക്ഷകന്‍, പെണ്ണുപിടിയന്മാരുടെ പേടിസ്വപ്നം എന്നൊക്കെയായിരുന്നു ഇതുവരെയുള്ള പുകഴ്ത്തല്‍. സ്ത്രീത്വത്തെ അപമാനിച്ചവന്‍ എന്ന ദുഷ്പേര് കേള്‍ക്കാനാണ്‌ വയസുകാലത്ത് വിധി. മറ്റാരെങ്കിലും ആയിരുന്നു പറഞ്ഞതെങ്കില്‍ പ്രബുദ്ധകേരളം മൈന്‍ഡ് ചെയ്യില്ലായിരുന്നു. പക്ഷേ, പരാതിക്കാരി സോളാര്‍ സരിത ആയതുകൊണ്ട് വി എസിന് മാപ്പില്ല.
തിരുവഞ്ചൂരിന്റെ പോലീസ് വി എസിനെ അറസ്റ്റ് ചെയ്യുമെന്ന കാര്യം ഉറപ്പ്. കേസ് കോടതിയിലെത്തിയാല്‍ വാദവും വിചാരണയുമൊന്നും വേണ്ടിവരില്ല. പരാതിക്കാരി സരിത ആയതിനാല്‍ കോടതിക്ക് സത്യം അപ്പോള്‍ത്തന്നെ ബോധ്യപ്പെടും. വി എസിന് ജീവപര്യന്തമെങ്കിലും ഉറപ്പാണ്‌. നല്ല നടപ്പും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വയസ് നൂറു കഴിയും. ജയിലില്‍നിന്നു തിരിച്ചുവരുമ്പോള്‍ ആരൊക്കെ ഉണ്ടാകുമോ ആവോ? ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയുമെങ്കിലും ജീവിച്ചിരുന്നാല്‍ മതിയായിരുന്നു. ഇവര്‍ക്കെതിരെ ദിവസവും നാല് കേസെങ്കിലും കൊടുത്തില്ലെങ്കില്‍ രാത്രിയില്‍ ഉറക്കം വരില്ല.
പലരെയും കളി പഠിപ്പിച്ചിട്ടുള്ള ആളാണ് വി എസ്. പക്ഷേ ഇത്തവണ വി എസിനെ സരിത കളി പഠിപ്പിക്കും. ഇതാണ് പറയുന്നത് ആളും തരവും നോക്കി മുട്ടണമെന്ന്.
പുരാണങ്ങളൊക്കെ എടുത്തുനോക്കൂ. സീത, സാവിത്രി, ശീലാവതി….സ്ത്രീരത്നങ്ങളുടെയെല്ലാം പേര് തുടങ്ങുന്നത് മലയാളത്തിലെ ‘സ’ അല്ലെങ്കില്‍ ഇംഗ്ലീഷിലെ ‘S’ ഉപയോഗിച്ചാണ്‌. അതുകൊണ്ട് സംശയിക്കേണ്ട. സരിതയും ഉത്തമ സ്ത്രീരത്നം തന്നെ. രാവണനെയും സീതയേയും ചേര്‍ത്ത് എന്തൊക്കെ വേണ്ടതീനങ്ങളാണ് ചിലര്‍ പറഞ്ഞുനടന്നത്. ശ്രീരാമന് പോലും സംശയം തോന്നിയില്ലേ. വി എസ് നോക്കിക്കോ സീതയെപ്പോലെ അഗ്നിശുദ്ധി വരുത്തി ഈ സരിതയും തിരിച്ചുവരും. അന്ന് കേന്ദ്രകമ്മിറ്റിയില്‍ വി എസ് മൂക്കുകൊണ്ട്‌ ‘ക്ഷ’ വരയ്ക്കും.
ഇത്രയൊക്കെ അദ്ഭുതപ്രവൃത്തികള്‍ ചെയ്തിട്ടും സരിതയുടെ ദിവ്യത്വം വി എസിനെപ്പോലുള്ളവര്‍ക്ക് മനസിലാകാത്തതാണ് സങ്കടം. വെള്ളം വീഞ്ഞാക്കിയ ക്രിസ്തുവിനെ ഈ ലോകത്ത് എത്ര പേരാണ് വിശ്വസിക്കുന്നത്. 22 പേജുള്ള മൊഴി സരിത മൂന്ന് പേജായി ചുരുക്കി കാണിച്ചില്ലേ. ജയിലില്‍ കിടന്നുകൊണ്ട് മൂന്ന് കോടിയോളം രൂപ മുടക്കി 20 കേസുകള്‍ ഒതുക്കിയില്ലേ. ഇതൊന്നും പോരെങ്കില്‍ ഇനി നോക്കിക്കോ. ബിജു രാധാകൃഷ്ണന്‍ ഒരു പത്ത് കൊല്ലമെങ്കിലും ഗോതമ്പുണ്ട തിന്നും. പക്ഷേ സരിത ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങും. ഇനിയും വിശ്വാസം വരാത്തവര്‍ അപ്പോള്‍ വിശ്വസിച്ചോളും.
മറ്റാരും മനസിലാക്കിയില്ലെങ്കിലും ഉമ്മന്‍‌ചാണ്ടിയെങ്കിലും സരിതയെ മനസിലാക്കിയല്ലോ. അതാണ് ഏക ആശ്വാസം. നിഴല്‍പോലെ നടന്ന ജോപ്പനെ തള്ളിപ്പറഞ്ഞിട്ടും ഉമ്മന്‍‌ചാണ്ടി സരിതയെ കൈവിട്ടില്ല. എന്തൊക്കെ അര്‍ച്ചനകളാണ് സരിതയ്ക്കായി ജയിലില്‍ ഏര്‍പ്പാടാക്കിയത്. പിടിച്ചപ്പോഴത്തെ അതേ വേഷത്തിലാണ് ബിജു ഇപ്പോഴും കോടതിയില്‍ വരുന്നത്. പക്ഷേ, സരിതയ്ക്ക് എന്നും പുതിയപുതിയ സാരികള്‍. ഏതാജ്ഞയും ശിരസാവഹിക്കാന്‍ പോലീസ് യൂണിഫോം ധരിച്ച തോഴിമാര്‍. വെറും 500 രൂപയുടെ പഴങ്ങളാണത്രെ കോടതിയിലേക്കുള്ള പോക്കുവരവില്‍ മാത്രം കൊറിക്കുന്നത്. [കടപ്പാട്: മലയാള മനോരമ].
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യില്‍ ഒരു പെന്‍ഡ്രൈവ് ഉണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ട് മാത്രമാണത്രേ രാധാകൃഷ്ണന്‍ ഇപ്പോഴും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത്. ഇല്ലെങ്കില്‍ തിരുവഞ്ചൂര്‍ അമ്പലത്തില്‍ പോയി ഭജനമിരിക്കേണ്ടി വന്നേനെ.
ഇപ്പോഴിതാ ബിജു രാധാകൃഷ്ണനും പറയുന്നു, തന്‍റെ കയ്യില്‍ ഒരു സി ഡി ഉണ്ടെന്ന്. ഇപ്പോള്‍ പൊട്ടും ….ഇപ്പോള്‍ പൊട്ടും…. ഇതാ പൊട്ടിക്കാന്‍ പോകുന്നു.. എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതുവരെ ആ സിഡി പൊട്ടിച്ചിട്ടില്ല. ഇതൊക്കെ കേട്ട് ടെന്‍ഷന്‍ കൂടി മലയാളിയുടെ ഹൃദയം പോട്ടിപ്പോകാതിരുന്നാല്‍ മതി.
അടുത്തിടെ ഇതുപോലൊരു സിഡി കാണാന്‍ അവസരം ഉണ്ടാക്കിത്തന്ന ബഹുമാനപ്പെട്ട എംഎല്‍എ ജോസ് തെറ്റയിലിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. പക്ഷേ, പറയാതെ വയ്യ. അതിന് അത്ര ക്ലാരിറ്റി പോരായിരുന്നു. ഇതിപ്പോള്‍ കഥയും തിരക്കഥയും സംവിധാനവും ബിജു ആയതുകൊണ്ട് ആ കുറവ് വരില്ല. തന്നെയല്ല, മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആകുമ്പോള്‍ അതിന്‍റെ പ്രോട്ടോകോളും അങ്ങ് മാറുമല്ലോ.
ഇനിയിപ്പോള്‍ കോവളത്തൊ ശംഖുമുഖത്തോ സരിതയുടെ ഒരു പൂര്‍ണകായപ്രതിമ സ്ഥാപിക്കുകയാകണം ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ചെന്നൈ മറീന ബീച്ചിലെ കണ്ണകി പ്രതിമ മാതൃകയാക്കാം. കണ്ണകിയുടെ കയ്യില്‍ ചിലമ്പാണെങ്കില്‍ സരിതയുടെ കയ്യില്‍ സോളാര്‍ പാനല്‍ കൊടുത്താല്‍ മതി.
ഈ പറഞ്ഞതിന്‍റെ അപരാധമൊക്കെ തീരാന്‍ ഇനി അട്ടക്കുളങ്ങര ജയിലില്‍ ഒന്ന് പോകണം. സരിതാദേവിയെ കണ്‍നിറയെ കണ്ട് തൊഴണം. മാപ്പാക്കണം മഹാമായേ…

Leave a Reply