ടൊറന്റോ: പുതിയ റോഡ് നിയമം നിലവില്‍ വന്നതോടെ കാനഡയിലെ ഒണ്ടാരിയോയില് ഇനി ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. കാല്‍നടയാത്രക്കാര്‍ അപകടങ്ങളില്‍ പെടുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം ജനുവരി ഒന്നിനാണ് നിലവില്‍ വന്നത്.
കാല്‍നടയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ മോട്ടോര്‍വാഹന ഡ്രൈവര്‍മാരും സൈക്കിള്‍യാത്രക്കാരും മാനിക്കണമെന്ന് പുതിയ നിയമം വിഭാവനം ചെയ്യുന്നു. ഇതിനായി കാല്‍നടയാത്രക്കാര്‍ റോഡ് പൂര്‍ണമായും മുറിച്ചുകടക്കുന്നതുവരെ വാഹനങ്ങള്‍ നിര്‍ത്തിയിടണം. കാല്‍നടയാത്രക്കാര്‍ പാതിറോഡ് പിന്നിടുമ്പോള്‍ വാഹനം ഓടിച്ചുപോകുന്നത് ഇനി നടപ്പില്ലെന്ന് ചുരുക്കം.
പെഡസ്ട്രിയന്‍ ക്രോസ്സ് ഓവറുകള്ക്കാണ് നിയമം ബാധകം. റോഡ് മാര്‍കിംഗ്, ഓറഞ്ചു നിറത്തിലുള്ള ലൈറ്റ്, റോഡിന് കുറുകെ തൂങ്ങിക്കിടക്കുന്ന ലൈറ്റുകള്‍ തുടങ്ങിയ പ്രത്യേക അടയാളങ്ങള്‍കൊണ്ട് കാല്‍നടയാത്രക്കാരുടെ സാന്നിധ്യം സൂചിപ്പിക്കുന്നവയാണ് പെഡസ്ട്രിയന്‍ ക്രോസ്സ് ഓവറുകള്‍.
ട്രാഫിക് സിഗ്നലുകളും സ്റ്റോപ്പ് സൈനുകളും ഉള്ള ജംഗ്ഷനുകളില്‍ സാധാരണഗതിയില്‍ പുതിയ നിയമം ബാധകമല്ല. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ കാല്‍നടക്കാരെ സഹായിക്കാന്‍ ക്രോസിംഗ് ഗാര്‍ഡ്സ് ഉണ്ടെങ്കില്‍ അവിടെയും ഗാര്‍ഡിന്റെ അനുവാദം ലഭിക്കുംവരെ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടിവരും.
നിയമം ലംഘിക്കുന്നവര്‍ക്ക് 150 മുതല്‍ 500 ഡോളര്‍വരെ പിഴയും മൂന്ന് ഡിമെറിറ്റ് പോയിന്റും ലഭിക്കും.