728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്ക്

കണ്ണൂര്‍: എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിക്ഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് കണ്ണൂരില്‍ പോലീസ് മീറ്റ്‌ സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിക്ക് സാരമുള്ളതല്ല. മുഖ്യമന്ത്രിക്ക് ഒപ്പം കാറില്‍ ഉണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനും പരിക്കുണ്ട്. സംഭവത്തില്‍ പ്രതിക്ഷേധിച്ചു കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ട്.

കണ്ണൂര്‍ പോലീസ് മൈതാനത്തിന്റെ ഒന്നാം ഗേറ്റിലായിരുന്നു സംഭവം. മുഖ്യമന്ത്രിയും മന്ത്രി കെ സി ജോസഫും സഞ്ചരിച്ചിരുന്ന കാര്‍ പ്രതിക്ഷേധക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെ ഉണ്ടായ കല്ലേറില്‍ കാറിന്‍റെ ചില്ല് തകരുകയും മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയും ആയിരുന്നു. നെറ്റിയിലും നെഞ്ചിലുമാണ് ചെറിയ മുറിവ് ഉണ്ടായത്. പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധപരിശോധനയ്ക്ക് മുഖ്യമന്ത്രിയെ വിധേയനാക്കി.

കേരളചരിത്രത്തില്‍ ഇതാദ്യമാണ് ഒരു മുഖ്യമന്ത്രിക്ക് പ്രതിക്ഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്‌. മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരത്തിന്‍റെ ഗതിപോലും ഇതോടെ മാറിയേക്കാം. മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അപലപിച്ചു. സമാധാനപരമായ സമരമാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വി എസ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply